ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ മെച്ചപ്പെട്ട പോളിംഗ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്ക് പ്രകാരം പോളിങ് 60 ശതമാനം കടന്നു. 2019 ലെ പോളിംഗ് ശതമാനത്തിന്റെ ഏകദേശം അടുത്താണ് നിലവിലെ കണക്ക്,. അന്തിമ കണക്ക് പുറത്തുവരുമ്പോൾ പോളിംഗ് ഉയരാനാണ് സാധ്യത.
ജമ്മു കശ്മീരിൽ ഈ ഘട്ടത്തിലും മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. ബാരാമുള്ളയിൽ റെക്കോർഡ് പോളിംഗായ 56.73 ശതമാനമാണ് രേഖപ്പെടുത്തിയത്. 1984 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.
2019 ൽ ബാരാമുള്ളയിൽ 34.6 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മണ്ഡല പുനർനിർണ്ണയം പോളിംഗ് ശതമാനം ഉയരുന്നതിന് കാരണമായതായാണ് വിലയിരുത്തൽ.
ബാരാമുള്ളയിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും പീപ്പിൾസ് കോൺഫറൻസിന്റെ തലവനും മുൻ മന്ത്രിയുമായ സജാദ് ലോണുമായാണ് പോരാട്ടം.
ജമ്മു കശ്മീരും ലഡാക്കും ഒഴികെ, തിങ്കളാഴ്ച വോട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങളിൽ 2019 നെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശിലെ 14 സീറ്റുകളിൽ രാത്രി അവസാന കണക്കുകൾ പ്രകാരം 57.79 ശതമാനം പോളിങ് രേഖപ്പെടുത്തി.
കോൺഗ്രസിന്റെ കെ എൽ ശർമ്മയ്‌ക്കെതിരെ ബിജെപി എംപി സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയിൽ 54.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ 57.85 ശതമാനമാണ് പോളിംഗ്.
അഞ്ചാം ഘട്ടത്തോടെ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ച, മഹാരാഷ്ട്രയിൽ നിന്നുള്ള 13 സീറ്റുകളിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി, 54.29 ശതമാനം.
വർഷങ്ങളായി കുറഞ്ഞ പോളിംഗ് ആശങ്കയായി തുടരുന്ന മുംബൈയിലെ ആറ് സീറ്റുകളിൽ 47 ശതമാനത്തിനും 56 ശതമാനത്തിനും ഇടയിൽ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.