അശോക് സെല്‍വനെ നായകനാക്കി നവാഗതനായ ബാലാജി കേശവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന എമക്ക് തൊഴില്‍ റൊമാന്‍സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അവന്തിക മിശ്രയാണ് നായിക. ഒരു പ്രണയകഥ സിനിമയാക്കാന്‍ ആഗ്രഹിക്കുന്ന അശോക് എന്ന യുവാവിനെയാണ് അശോക് സെല്‍വന്‍ അവതരിപ്പിക്കുന്നത്. അതേസമയം അശോകിന് ഒരു പ്രണയവുമുണ്ട്. 2 മിനിറ്റ് ആണ് ട്രെയ്‍ലറിന്‍റെ ദൈര്‍‍ഘ്യം. 
ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അഴകം പെരുമാള്‍, ഭഗവതി പെരുമാള്‍, എം എസ് ഭാസ്കര്‍, വിജയ് വരദരാജ്, ബദവ ഗോപി തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി കേശവന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ തുഗ്ലക്ക് ദര്‍ബാര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റം. 
തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള അവന്തിക മിശ്രയുടെ തമിഴ് അരങ്ങേറ്റം എന്ന സൊല്ല പോഗിറൈ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഡി ബ്ലോക്ക് എന്ന ചിത്രത്തിലും അവന്തിക അഭിനയിച്ചിട്ടുണ്ട്. നിവാസ് കെ പ്രസന്നയാണ് എമക്ക് തൊഴില്‍ റൊമാന്‍സിന്‍റെ സംഗീത സംവിധാനം. ഗണേഷ് ചന്ദ്രയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ജെറോം അലന്‍. എം തിരുമലൈ ക്രിയേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *