ഊട്ടി പുഷ്പമേളയ്ക്ക് ജനപങ്കാളിത്തം കുറഞ്ഞു. മേള തുടങ്ങുന്നതിനു മുന്നോടിയായി ഊട്ടിയിലേക്ക് പ്രവേശിക്കുന്നതിനായി തമിഴ്നാട് ഹൈക്കോടതി ഉത്തരവനുസരിച്ച് ഏര്‍പ്പെടുത്തിയ ഇ-പാസും വലിയ ഗതാഗതക്കുരുക്കുണ്ടാകുമെന്ന ഭീതിയുമാണ് ജനപങ്കാളിത്തം കുറച്ചതെന്നാണ് വിലയിരുത്തല്‍.
മേള തുടങ്ങി ആദ്യ അഞ്ചുദിനങ്ങളില്‍ വെറും 90,000 പേര്‍ മാത്രമാണ് ഊട്ടിയില്‍ എത്തിയതെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. സാധാരണ രണ്ടുലക്ഷത്തിലധികം പേര്‍ എത്താറുണ്ടായിരുന്നു. തമിഴ്നാടിനു പുറമെ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രധാനമായും എത്താറുള്ളത്. കേരളത്തില്‍നിന്നുള്ളവരില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവരാണ് ഏറെയും.
കഴിഞ്ഞ 10-നാണ് പുഷ്പമേള തുടങ്ങിയത്. കേരള-തമിഴ്നാട് അതിര്‍ത്തിയായ വഴിക്കടവിലടക്കം ഹോട്ടലുകളില്‍ ഈ സീസണില്‍ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം അതുണ്ടായില്ലെന്ന് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറഞ്ഞു. മേയ് ഏഴുമുതലാണ് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇ-പാസ് ഏര്‍പ്പെടുത്തിയത്. പുഷ്പമേള തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുന്‍പ് ഊട്ടിയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഈ തിരക്കാണ് ഇ-പാസ് ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസ് നല്‍കിയിരുന്നു.
മേളയുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ ഊട്ടി സസ്യോദ്യാനത്തിലെ പ്രവേശനനിരക്കില്‍ പുഷ്പമേള പ്രമാണിച്ച് മൂന്നിരട്ടി വര്‍ധനയാണു വരുത്തിയത്. സാധാരണ ഇരട്ടിയാക്കാറാണ് പതിവ്. പലരും ഉദ്യാനത്തിനു മുന്‍പിലെത്തി അകത്ത് പ്രവേശിക്കാതെ തിരിച്ചുപോയതായി സഞ്ചാരികള്‍തന്നെ പറയുന്നു. 50 രൂപ പ്രവേശനനിരക്ക് 150 രൂപയായാണ് ഉയര്‍ത്തിയത്. അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ 25 രൂപ കുറച്ചിരുന്നു. ഹോട്ടലുകളിലും ലോഡ്ജുകളിലും നിരക്ക് കുത്തനെ കൂട്ടിയതും സഞ്ചാരികള്‍ ഒഴിഞ്ഞുപോകാന്‍ കാരണമായി. നാലിരട്ടിയായാണ്‌ േലാഡ്ജുകളില്‍ നിരക്ക് കൂട്ടിയിരുന്നത്.
ഈ വര്‍ഷം ഊട്ടിയിലെത്തിയവരില്‍ അധികവും സന്ദര്‍ശിച്ചത് കര്‍ണാടക സസ്യോദ്യാനമാണെന്ന വിലയിരുത്തലുമുണ്ട്. ഊട്ടിയിലെ റോസ് മേള 19-നും പുഷ്പമേള 20-നും സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed