ചാലക്കുടി: ലൈംഗികപീഡനക്കേസില്‍ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 87 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്‌പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം.
അമ്മയെ വീട്ടുജോലിക്ക് പറഞ്ഞയച്ചശേഷം പത്തുവയസുകാരിയെ പ്രതി പലതവണ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ വിവിധ വകുപ്പുകളിലായി ഇരട്ടജീവപര്യന്തവും 87 വര്‍ഷം കഠിനതടവും 8,75,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു കെ. തോമസ്, എസ്.ഐ ഫ്രാന്‍സിസ്, എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ബാബുരാജ് ഹാജരായി.