രാഹുല്‍ ദ്രാവിഡിനെ വിടാതെ സീനിയര്‍ താരങ്ങള്‍! തുടരണമെന്ന ആവശ്യം തള്ളി കോച്ച്; കാരണമറിയാം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. നിലവില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്. ടി20 ലോകകപ്പിന് ശേഷം അദ്ദേഹവുമായുള്ള കരാര്‍ അസാനിക്കും. പുതിയ പരിശീലകനെ തേടികൊണ്ട് ബിസിസിഐ കഴിഞ്ഞ ദിവസം ബിസിസിഐ പരസ്യം പുറത്തിറക്കിയിരുന്നു. ദ്രാവിഡിന് ഇനിയും ആവശ്യമെങ്കിലും അപേക്ഷിക്കാം. എന്നാല്‍ അദ്ദേഹം പിന്മാറ്റം അറിച്ചുകഴിഞ്ഞു. എന്നാല്‍ ദ്രാവിഡ് തുടരണമെന്ന് ചില സീനിയര്‍ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ഏതൊക്കെ താരങ്ങളാണ് ദ്രാവിഡ് വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് വ്യക്തമല്ല. വരുന്ന ഒരു വര്‍ഷമെങ്കിലും ടെസ്റ്റ് ടീമിനൊപ്പം ദ്രാവിഡ് വേണമെന്ന് ചില താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ദ്രാവിഡ് തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ 2023 ഏകദിന ലോകകപ്പിന് ശേഷം സ്ഥാനമൊഴിയാന്‍ ഒരുങ്ങുകയായിരുന്നു ദ്രാവിഡ്. എന്നാല്‍ ടി20 ലോകകപ്പ് വരെ തുടരാന്‍ തീരുമാനിച്ചത് ബിസിസിഐയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു.
മൂന്ന് ഫോര്‍മാറ്റിനും വെവ്വേറെ പരിശീലകരെന്ന നയം വേണ്ടെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജയ് ഷാ വ്യക്തമാക്കിയതിങ്ങനെ… ”ദ്രാവിഡിന്റെ കാലാവധി ജൂണ്‍ വരെയാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്പര്യമുണ്ടെങ്കില് അങ്ങനെ ചെയ്യാം. കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.” ഷാ പറഞ്ഞു.
ചിന്നസ്വാമിയില്‍ ഇനി മരണപ്പോര്! പ്ലേ ഓഫിനെത്തുക ആര്‍സിബിയോ അതോ സിഎസ്കെയോ? വിധി ശനിയാഴ്ച്ച അറിയാം
വിദേശ പരിശീലകര്‍ക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. മൂന്ന് ഫോര്‍മാറ്റില്‍ വ്യത്യസ്ത പരിശീലകരെന്ന രീതി ബിസിസിഐ പിന്തുടരില്ലെന്ന് സൂചനയും അദ്ദേഹം നല്കി. ഐപിഎല്ലിലെ ഇംപാക്റ്റ് പ്ലെയര്‍ രീതി തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ പരിശീലകരും ക്യാപ്റ്റന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ജയ് ഷാ വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.