സ്‌കൂൾ പ്രവേശനം: ‘2 സ്ഥാപനങ്ങൾക്കെതിരെ പരാതി’, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സ്മിതാ ഗിരീഷ്, ടി കീര്‍ത്തി എന്നിവരാണ് മക്കളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. കുന്നംകുളം എംജെഡി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് പരാതിയെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

”മലപ്പുറം ജില്ലയില്‍ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകള്‍ 53,236 ആണ്. ഇതില്‍ 22,600 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 19,350 സീറ്റുകള്‍ എയിഡഡ് മേഖലയിലും 11,286 സീറ്റുകള്‍ അണ്‍ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണല്‍ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകള്‍ 6,105 ആണ്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 4,545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1,560 സീറ്റുകളും ഉള്‍പ്പെടുന്നു. മാര്‍ജിനില്‍ സീറ്റ് വര്‍ദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകള്‍ 11,635 ആണ്. ഇതില്‍ 6,780 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 4,855 സീറ്റുകള്‍ എയിഡഡ് മേഖലയിലും ആണ്.”

”ഇങ്ങനെ വരുമ്പോള്‍ ആകെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ 33,925 ഉം എയിഡഡ് മേഖലയില്‍ 25,765 ഉം അണ്‍എയ്ഡഡ് മേഖലയില്‍ 11,286 അടക്കം ആകെ 70,976 ആണ്. ഇതിനുപുറമെ വിഎച്ച്എസ്ഇ മേഖലയില്‍ 2,850 ഉം ഐടിഐ മേഖലയില്‍ 5,484 ഉം പോളിടെക്നിക് മേഖലയില്‍ 880 ഉം സീറ്റുകള്‍ ഉണ്ട്. അങ്ങനെ ആകെ ഉപരിപഠനത്തിനായി 80,190 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ ലഭ്യമാണ്.” മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത് 79,730 കുട്ടികള്‍ ആണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇതിനു പുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

‘ശക്തമായ കാറ്റിന് സാധ്യത’; ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി 
 

By admin