തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കുക എന്ന ഗുഢലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇതിനായുള്ള പ്രവർത്തികൾ അവർ വളരെ മുൻപ് തന്നെ തുടങ്ങിയിരുന്നു. സിപിഎം നേതാക്കളെ മോശക്കാരാക്കാനാണ് ഇഡി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കരുവന്നൂരിൽ ഇഡി അന്വേഷണം നടത്തി പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2021-ൽ തന്നെ സംസ്ഥാന പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ മികവുറ്റതായിരുന്നു. കരുവന്നൂരിലെ സംഭവം സർക്കാർ അതീവ ഗൗരവതരമായാണ് കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ പാത്രം മൊത്തം കളയുക അല്ലല്ലോ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ബഹു ഭൂരിപക്ഷം സഹകരണ സംഘങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 16255 സംഘങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 98.5 സഹകരണ മേഖലയും കുറ്റമറ്റതാണ്. കേന്ദ്ര നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.