ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനോട് പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് മോശമായി പെരുമാറിയെന്ന ആരോപണം ശരിവച്ച് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ്. സംഭവത്തെ അങ്ങേയറ്റം അപലപനീയം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്നലെ രാവിലെ വളരെ വേദനാജനകമായ ഒരു സംഭവം നടന്നു. അരവിന്ദ് കെജ്‌രിവാൾ സ്വാതി മലിവാളിനെ ഒരു മീറ്റിംഗിനായി വിളിച്ചിരുന്നു. അവര്‍ അദ്ദേഹത്തെ കാണാൻ ഡ്രോയിംഗ് റൂമിൽ കാത്തുനിൽക്കുകയായിരുന്നു. ബിഭാവ് കുമാർ വന്ന് മോശമായി പെരുമാറി. ഇതിന് ശേഷം മലിവാൾ പൊലീസിനെ വിളിച്ച് കാര്യം വിശദീകരിച്ചു.”
ഇത് അപലപനീയമായ സംഭവമാണ്. ഇക്കാര്യം അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞെന്നും സഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“സ്വാതി മലിവാൾ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി മഹത്തായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്, പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഞങ്ങൾ അവർക്കൊപ്പം നിൽക്കുന്നു, കെജ്‌രിവാളിന്റെ ഉത്തരവനുസരിച്ച് ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യും. ആം ആദ്മി പാർട്ടി ഇതിനെ പിന്തുണയ്ക്കുന്നില്ല.”-അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിയെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. എന്തുകൊണ്ടാണ് അവർ 36 മണിക്കൂർ മിണ്ടാതിരുന്നതെന്ന് ബിജെപി ഡൽഹി മേധാവി വീരേന്ദ്ര സച്ച്‌ദേവ ചോദിച്ചു.
മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇത് ലജ്ജാകരമാണ്. നടപടിയെടുക്കണം. രാഷ്ട്രീയ സമ്മർദമാണ് ഇതുവരെ പൊലീസ് കേസ് ഫയൽ ചെയ്യുന്നതിൽ നിന്ന് മലിവാളിനെ തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.