ഡൽഹി: കാനഡയിൽ ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ നാലാമത്തെ ഇന്ത്യൻ പൗരനെ കനേഡിയൻ അധികൃതർ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം.
കാനഡയിലെ ബ്രാംപ്ടൺ, സറേ, അബോട്ട്‌സ്‌ഫോർഡ് പ്രദേശങ്ങളിൽ താമസിച്ച് വന്നിരുന്ന ഇരുപത്തിരണ്ടുകാരനായ അമർദീപ് സിങ്ങിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിങ്ങിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ പങ്കിന് സിംഗിനെ മെയ് 11 ന് അറസ്റ്റ് ചെയ്തതായി ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു. ആയുധം കൈയ്യിൽ വെച്ച കുറ്റത്തിന് പീൽ റീജിയണൽ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു സിങ്ങെന്നും ഐഎച്ച്ഐടി പ്രസ്താവനയിൽ പറഞ്ഞു.
“ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുള്ള എല്ലാവരേയും തന്നെ കസ്റ്റഡിയിലെടുക്കും ” ഐഎച്ച്ഐടിയുടെ ചുമതലയുള്ള ഓഫീസർ സൂപ്രണ്ട് മൻദീപ് മൂക്കർ പറഞ്ഞു. 2023 ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് നിജ്ജാർ (45) കൊല്ലപ്പെട്ടത്.
നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ കരൺ ബ്രാർ (22), കമൽപ്രീത് സിംഗ് (22), 28 കാരനായ കരൺപ്രീത് സിംഗ് എന്നീ മൂന്ന് ഇന്ത്യൻ പൗരന്മാരെ മെയ് 3 ന് അന്വേഷണ സംംഘം അറസ്റ്റ് ചെയ്തിരുന്നു.
മൂന്ന് പ്രതികളും എഡ്മണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരാണ്, ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകം നടത്താനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേയും ചുമത്തിയിരിക്കുന്നത്.