ചങ്ങരംകുളം: തങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനകളോടൊപ്പം സമൂഹവും നാടും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും പടച്ചവനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഓർമിപ്പിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണത്തെ വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി നടന്നു വരുന്ന ഹജ്ജ് സാങ്കേതിക പഠന ക്ലാസുകളിൽ പൊന്നാനി താലൂക്കിലെ അറുന്നൂറോളം ഹാജിമാരെ അഭിമുഖീകരിക്കുകയായിരുന്നു ഖാസിം കോയ.
എടപ്പാൾ, പന്താവൂർ, ഇർശാദി സ്ഥാപനത്തിലായിരുന്നു പൊന്നാനിയിൽ നിന്നുള്ള ഹാജിമാരുടെ രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ്. പരിപാടി ഖാസിം കോയ ഉദ്‌ഘാടനം നിർവഹിച്ചു.
“രാജ്യത്തിന്റെ അഖണ്ഡത, എല്ലാനിലയിലുമുള്ള മാതൃരാജ്യത്തിന്റെ അഭിവൃദ്ധി, നാട് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും തുടങ്ങി, പ്രത്യേകിച്ച് വിവിധ മതവിശ്വാസികളും അഭിപ്രായക്കാരും അധിവസിക്കുന്ന ഇന്ത്യയിൽ നിലനിൽക്കുന്ന സൗഹാർദ്ദപൂർണമായ സാമൂഹ്യ അന്തരീക്ഷം തുടങ്ങി മുഴുവൻ ജനങ്ങളുടെയും ആശങ്കകളും ആവലാതികളും സർവശക്തനായ സൃഷ്ടാവിലേക്ക് തിരിഞ്ഞുകൊണ്ടുള്ള പ്രാർത്ഥനകളിൽ വിശ്വാസികൾക്ക് വിഷയമായിരിക്കണം” – അദ്ദേഹം തുടർന്നു.
“പ്രാർത്ഥിക്കാൻ നമ്മൾ കല്പിക്കപ്പെട്ടിരിക്കുന്നു, എന്നാൽ അത് സ്വീകരിക്കണമോ, ഏതു വിധേന ആ പ്രാർത്ഥനകൾ സാക്ഷാൽകൃതമാവും തുടങ്ങിയ കാര്യങ്ങളെല്ലാം പടച്ചവന്റെ തീരുമാനമായിരിക്കും, അതെന്തായാലും നമ്മൾ ഉൾകൊള്ളാനും തൃപ്തിപ്പെടാനും തയാറാവുകയും വേണം. ഇതാണ് പ്രാർത്ഥനയുടെ കാര്യം”: ഖാസിം കോയ ഉൽബോധിപ്പിച്ചു .
കേരള മദ്രസ ക്ഷേമ ബോർഡ് അംഗം കെ. സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.ഇബ്റാഹീം ബാഖവി മേൽമുറി, മുജീബ് വടക്കേ മണ്ണ, കേരള ഹസൻ ഹാജി , വാരിയത്ത് മുഹമ്മദലി, കെ.എം അലി മുഹമ്മദ് , എം. ജാഫർ പ്രസംഗിച്ചു.
ട്രൈനർമാരായ എ.പി എം ബശീർ , കമാൽ മാസ്റ്റർ, സലാഹുദ്ദീൻ കോട്ടക്കൽ, സുഹൈറ, അനീഷ, നസീർ വി.വി നേതൃത്വം നല്കി.