സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച എന്നിവര്‍ എന്ന സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി. കേരള സര്‍ക്കാരിന്റെ 2020ലെ മികച്ച സംവിധായകനുള്ള അവാര്‍ഡ് സിദ്ധാര്‍ഥ് ശിവക്ക് നേടിക്കൊടുത്ത ഈ ചിത്രം ഒരു വ്യക്തിവൈരാഗ്യം രാഷ്ട്രീയ പോരാട്ടമായി മാറിയതിന്റെ പേരില്‍ മലമുകളില്‍ ഒളിച്ചു താമസിക്കേണ്ടി വരുന്ന നാല് വിദ്യാര്‍ത്ഥികളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ഇതിലെ അഭിനയത്തിന് നടന് സുധീഷിന് മികച്ച സ്വഭാവം നടനുള്ള അവാര്‍ഡും അതെ വര്‍ഷം ലഭിച്ചിരുന്നു.
സര്‍ജാനോ ഖാലിദ്, സൂരജ് എസ് കുറുപ്പ് എന്നിവരുള്‍പ്പെടെ പ്രതിഭാധനരായ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. കൂടാതെ ബിനു പപ്പു, ജിയോ ബേബി തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും സൂരജ് എസ് കുറുപ്പാണ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കഥാതന്തുവിനോട് ചേര്‍ന്ന് നില്ക്കുന്ന വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ജോണ്സണ് ആണ്. ഛായാഗ്രഹണം സിന്റോ പൊടുത്താസ്. എന്നിവര്‍ സെപ്റ്റംബര്‍ 29 ന് സൈന ഒടിടിയില്‍ റിലീസ് ചെയ്യും.