ഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗം, ഒബിസി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്ത്രമന്ത്രിയുമായ അമിത് ഷാ.
ഒരു സര്‍വേയും നടത്താതെയാണ് ഈ നീക്കം. കര്‍ണാടകയും തെലങ്കാനയും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണെന്നും അമിത് ഷാ ആരോപിച്ചു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ ആരോപണം.
സംവരണ വ്യവസ്ഥകള്‍ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഭരണഘടന ഭേദഗതി ചെയ്യാന്‍ തക്ക ശക്തി പാര്‍ലമെന്റില്‍ എന്‍ഡിഎയ്ക്കുണ്ട്. എന്നാല്‍ ബിജെപി ഒരിക്കലും അതിന് മുതിര്‍ന്നിട്ടില്ല.
 അത് ഒരിക്കലും ഞങ്ങളുടെ ഉദ്ദേശ്യമല്ലായിരുന്നു. ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, യൂണിഫോം സിവില്‍ കോഡ് തുടങ്ങി ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സങ്കല്‍പ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതല്ലാതെ, ഞങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
400 ലേറെ സീറ്റ് ലഭിച്ചാല്‍ ബിജെപി സംവരണം അട്ടിമറിച്ചേക്കുമെന്ന പ്രതിപക്ഷ പ്രചാരണം അമിത് ഷാ തള്ളി. 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ ബിജെപിക്ക് അധികാരമുണ്ടായിരുന്നു.
പക്ഷേ അത് ഒരിക്കലും ചെയ്തില്ല. ബിജെപി 10 വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലുണ്ട്, സംവരണത്തില്‍ തൊട്ടിട്ടില്ല. മറിച്ച്, കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ ക്വാട്ട കുറച്ചാണ് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *