ഡബ്ലിന്‍ : തണുപ്പിനും മഞ്ഞിനും താല്‍ക്കാലിക അവധി നല്‍കി അയര്‍ലണ്ട് ചൂടിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം 24 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി ഇക്കാര്യത്തില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ് രാജ്യം.കൊടും ചൂട് മുന്‍നിര്‍ത്തി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍.
സാധാരണ മെയ് മാസത്തേക്കാള്‍ ചൂടാണ് ഇത്തവണയുള്ളത്.എല്ലാ വര്‍ഷവും ഈ സമയത്തുണ്ടാകാറുള്ള ശരാശരി ഉയര്‍ന്ന താപനില 13-16 ഡിഗ്രി സെല്‍ഷ്യസാണ്.എന്നാല്‍ ഇവിടെ ഇപ്പോള്‍ താപനില 20 ഡിഗ്രിക്കും മുകളിലാണ്.ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമാണ് കടന്നുപോയതെന്ന് മെറ്റ് ഏറാന്‍ സ്ഥിരീകരിച്ചു. ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ 24 ഡിഗ്രി സെല്‍ഷ്യസും മൗണ്ട് ഡിലോണില്‍ 23.7 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു രേഖപ്പെടുത്തിയത്. അടുത്ത ആഴ്ചയോടെ മാത്രമേ താപനില സാധാരണ നിലയിലാകൂവെന്നും നിരീക്ഷണം പറയുന്നു.
രാജ്യത്തെ ശരാശരി  താപനില 22 ആയിരുന്നുവെങ്കിലും , ഐറിഷ്കാർക്ക് ഇത് ചുട്ടുപൊള്ളുന്ന അവസ്ഥയാണ്.പരമാവധി 17 ഡിഗ്രി വരെ താപനില പ്രവചിച്ചിരിന്ന ദിവസങ്ങളിലാണ് ആറോ ,ഏഴോ ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നതെന്നത് , കാലാവസ്ഥാ ശാസ്ത്രജ്ഞരെയും അതിശയിപ്പിക്കുന്നുണ്ട്.
സൗരോര്‍ജ്ജ ജ്വാലകള്‍ക്ക് സാധ്യത
അതേസമയം,ഈ ആഴ്ച രാജ്യത്ത് സൗരോര്‍ജ്ജ ജ്വാലകള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറയുന്നു. നോര്‍ത്തേണ്‍ ലൈറ്റ്സിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. സൂര്യതാപത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ ബോധവാന്മാരാകണമെന്ന് മെറ്റ് ഏറാന്‍ അഭ്യര്‍ത്ഥിച്ചു
വാരാന്ത്യത്തില്‍ സൂര്യതാപമുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി (ആര്‍ എസ് എ) അഭ്യര്‍ത്ഥിച്ചു.കനത്ത സൂര്യപ്രകാശം ഡ്രൈവര്‍മാരുടെ കണ്ണുകള്‍ക്ക് താല്‍ക്കാലികമായി മങ്ങലുണ്ടാകാനും അന്ധതയ്ക്കും കാരണമായേക്കാമെന്ന് ആര്‍ എസ് എ പറയുന്നു.അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് സണ്‍ഗ്ലാസ് ധരിക്കണമെന്നും അതോറിറ്റി ഉപദേശിക്കുന്നു.
രാവിലെ കിഴക്കോട്ടും പകല്‍ പടിഞ്ഞാറോട്ടും യാത്ര ചെയ്യുമ്പോഴും സൂര്യപ്രകാശത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഡ്രൈവര്‍മാരെ അതോറിറ്റി ഉപദേശിക്കുന്നു.
കുടിവെള്ളം കരുതണം
ഗതാഗത തടസ്സവും മറ്റും മൂലം റോഡില്‍ കുടുങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനത്തില്‍ കുടിവെള്ളം ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കണം.ചൂടുള്ള കാലാവസ്ഥയില്‍ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം.ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച അപ്രതീക്ഷിതമായി ജലവിതരണത്തിൽ തടസങ്ങൾ നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.
വാഹനങ്ങളുടെ ഡ്രൈവര്‍മാരെ മാത്രമല്ല, കാല്‍നടക്കാരെയും സൈക്കിള്‍- മോട്ടോര്‍ സൈക്കിള്‍ യാത്രികരെയും കൊടും ചൂട് ബാധിക്കുമെന്ന് ആര്‍ എസ് എ കൂട്ടിച്ചേര്‍ത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *