ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയതു ജനാധിപത്യ വിശ്വാസികൾക്കു പ്രതീക്ഷയേകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ, ജനസംഖ്യയിൽ ചില ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടിയെന്നും ഭൂരിപക്ഷ സമുദായത്തിന്റെ എണ്ണം കുറഞ്ഞുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുമായി പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള സാന്പത്തിക ഉപദേശക സമിതി (പിഎം- ഇഎസി) രംഗത്തെത്തിയത് ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ഐക്യത്തിനും വിഘാതമാണ്.
കാനേഷുമാരി കണക്കുകൾക്കു വിരുദ്ധമാണു മോദിയുടെ ഉപദേശക സമിതിയുടെ കണ്ടെത്തലുകൾ! ലോക്സഭാ തെരഞ്ഞെടുപ്പിലും ഇന്ത്യയുടെ ഭാവിക്കും വളരെ നിർണായകമാണു തികച്ചും വ്യത്യസ്തമായ ഈ രണ്ടു സംഭവവികാസങ്ങൾ.
ഡൽഹിയിലടക്കം തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതുവരെ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രബലനും ആം ആദ്മി പാർട്ടിയുടെ തലവനും ഡൽഹി മുഖ്യമന്ത്രിയുമായ കേജരിവാളിനെ ജയിലിൽ അടച്ചിടാൻ പരമാവധി ശ്രമിച്ച കേന്ദ്രസർക്കാരിനും ഇഡിക്കും കരണത്തേറ്റ അടിയായി സുപ്രീംകോടതിയുടെ വിധി.
ബിജെപിക്കും മോദിക്കും തിരിച്ചടിയും ഇന്ത്യ സഖ്യത്തിനു പുത്തൻ ഉണർവുമാകും കേജരിവാളിന്റെ ജയിൽ മോചനം. ജൂണ് ഒന്നു വരെയാണ് ഇടക്കാല ജാമ്യമെങ്കിലും അനേക മാസം നീളുന്ന ജാമ്യത്തെക്കാൾ വിലയുണ്ട്. പ്രചാരണം അടക്കം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കേജരിവാളിനെ അനുവദിച്ചു എന്നതാണു പ്രധാനം.
കോടതിയിൽ വായടഞ്ഞ് ഇഡി
ഡൽഹി മദ്യനയ കേസിൽ മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയെ കൃത്യം 50 ദിവസം ജയിലിലിട്ടു. ഇതേ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ രാജ്യസഭാ എംപി സഞ്ജയ് സിംഗിനും ആറ് മാസത്തെ ജയിൽവാസത്തിനു ശേഷം സുപ്രീംകോടതിയാണു ജാമ്യം നൽകിയത്. അഴിമതിപ്പണം ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ മദ്യനയ കേസിൽ കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ലെന്ന് സഞ്ജയ് സിംഗിന് ജാമ്യം നൽകിയപ്പോൾ പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേജരിവാളിന്റെ ഇടക്കാല ജാമ്യത്തെ പോലും ഇഡി എതിർത്തു. തെരഞ്ഞെടുപ്പു പ്രചാരണം മൗലികാവകാശം അല്ലെന്നതായിരുന്നു പ്രധാന വാദം. ഒരു രാഷ്ട്രീയക്കാരനും സാധാരണ പൗരനേക്കാൾ ഉയർന്ന പ്രത്യേക പദവി അവകാശപ്പെടാൻ കഴിയില്ല. മറ്റേതൊരു പൗരനെയും പോലെ കുറ്റകൃത്യങ്ങൾ ചെയ്തതിന് അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയുമാണു ചെയ്തതെന്നു ന്യായീകരിക്കാനും ഇഡി മടിച്ചില്ല.
മുഖ്യമന്ത്രിക്കെതിരേ നടപടിയെടുക്കാൻ രണ്ടു വർഷമെടുത്തത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യത്തിന് ഇഡിക്കു വ്യക്തമായ മറുപടിയുണ്ടായില്ല. ഇത്തരമൊരു അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തുന്നതിനു രണ്ടു വർഷമെടുക്കുമെന്ന് ഏതെങ്കിലും ഏജൻസി പറയുന്നതു നല്ലതല്ലെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റീസ് ദീപാങ്കർ ദത്തയുടെയും ബെഞ്ച് പറഞ്ഞു.
രാജ്യത്തെ പൊതുതെരഞ്ഞെടുപ്പു നടക്കുന്ന അസാധാരണ സാഹചര്യവും കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല എന്നതും ഡൽഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നതും കോടതിയാണ് ചൂണ്ടിക്കാട്ടിയത്.
പ്രതിപക്ഷ വേട്ടയാടൽ തുടർക്കഥ
പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്തുകയും വേട്ടയാടുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണു സുപ്രീംകോടതിയുടെ ചില സുപ്രധാന വിധികൾ. ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമപരമായ അഴിമതിയെന്നു വിശേഷിപ്പിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി അപ്പാടെ റദ്ദാക്കുകയും ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുകയും ചെയ്തതാണ് ഇതിൽ സുപ്രധാനം. ഇതിനു പിന്നാലെയാണ് ഡൽഹി മദ്യനയ കേസിൽ കേജരിവാളിനും സഞ്ജയ് സിംഗ് എംപിക്കും സുപ്രീംകോടതി ജാമ്യം നൽകിയത്.
ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കളെ കേസിൽ കുരുക്കുന്നുവെന്നതു പൂർണമായി ആരോപണം മാത്രമാകില്ല. ബിജെപി പക്ഷത്തേക്കു കൂറുമാറിയവർക്കെതിരേയുള്ള കേസുകൾ മരവിപ്പിക്കുകയോ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്ത സംഭവങ്ങൾ അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയില്ലായ്മ തുറന്നുകാട്ടി.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുതൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വരെയുള്ള നേതാക്കൾക്കെതിരേയുള്ള ആരോപണങ്ങളിലും അഴിമതികളിലും കേസു പോലുമില്ലാത്തതും ജനം കണ്ടു.
എന്നാൽ റെയ്ഡും അറസ്റ്റും ചോദ്യം ചെയ്യലും നടത്തി പ്രതിപക്ഷ നേതാക്കൾക്കെതിരേ വാർത്തയും പ്രചാരണവും സൃഷ്ടിച്ച പല കേസുകളിലും പിന്നീട് കുറ്റം തെളിയിക്കപ്പെട്ടതുമില്ല. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാകാതെ പോയതു മറക്കരുതല്ലോ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി കോളിളക്കം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തെ കുറ്റവാളിയാക്കാൻ കേന്ദ്ര ഏജൻസികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ജനസംഖ്യയെയും വക്രീകരിച്ച്
ജനംസഖ്യാ കണക്കുകളെ വക്രീകരിച്ചു വർഗീയത വളർത്തുന്നതു വലിയ ദുരന്തമാണ്. സർക്കാർ ഉദ്യോഗസ്ഥർ ഓരോ വീട്ടിലും കയറിയിറങ്ങി കണക്കെടുത്ത കാനേഷുമാരി (സെൻസസ്) കണക്കുകൾ മാറ്റിവച്ച് വസ്തുതാപരമല്ലാത്ത പഴയ കണക്കുകളെടുത്തു കറക്കിയാണ് പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശക സമിതി തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ, വർഗീയ കളി നടത്തിയതെന്നതു ഗൗരവതരമാണ്.
1950നും 2015നും ഇടയിൽ ഹിന്ദു ജനസംഖ്യയുടെ പങ്കു കുറഞ്ഞുവെന്നും മുസ്ലിം ജനസംഖ്യയിൽ വലിയ വർധനയുണ്ടായെന്നുമാണ് മോദിയുടെ ഉപദേശകരുടെ കണ്ടെത്തൽ! ക്രിസ്ത്യൻ, സിക്ക് വിഭാഗക്കാരും എണ്ണം നേരിയ തോതിൽ കൂടിയെന്നും പാഴ്സികൾ അടക്കമുള്ള ഇതര ന്യൂനപക്ഷങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. വിവാദ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്നു പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
മോദിയുടെ വിശ്വസ്തനായ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ മകൾ ഡോ. ഷമിക രവിയുടേതാണു വിവാദ ജനംസഖ്യാ വ്യതിയാന റിപ്പോർട്ടെന്നതാണു തമാശ. ഗവർണർ പദവി ദുരുപയോഗിച്ച്, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ മന്ത്രിയുടെ സത്യപ്രതിജ്ഞ വിലക്കാൻ വരെ മടിക്കാത്ത രവിയെ സുപ്രീംകോടതി ചെവിക്കു പിടിച്ചാണു നടപടി തിരുത്തിച്ചത്.
രവിയുടെ മകളോടൊപ്പം സമിതിയിലുള്ള ഏബ്രഹാം ജോസും അപൂർവകുമാർ മിശ്രയും മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ അജൻഡയുടെ നടത്തിപ്പുകാരായതിൽ അതിശയിക്കാനില്ല.
ശ്രദ്ധ തിരിക്കാൻ വർഗീയകളി
കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ കെട്ടുതാലി വരെ തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ള മുസ്ലിംകൾക്കു കൊടുക്കുമെന്ന മോദിയുടെ വിവാദ പ്രസ്താവനയുടെ പിന്നാലെയാണ് വിവാദ റിപ്പോർട്ട് പുറത്തുവിട്ടത്. മോദിയും ബിജെപിയും തുടർച്ചയായും പരസ്യമായും നടത്തിയ മുസ്ലിം വിരുദ്ധ പ്രചാരണം കൊഴുപ്പിച്ച് ഭൂരിപക്ഷ വോട്ടർമാരുടെ ധ്രുവീകരണമാണു ലക്ഷ്യം.
മുസലിംകളുടെ മാത്രമല്ല, ഹിന്ദുക്കളുടെ ജനസംഖ്യയിലും 1950 മുതൽ 2011 വരെ വലിയ വർധനയുണ്ടായി എന്നതു മറച്ചുവയ്ക്കാനാണു പഴയ ഡേറ്റ ഉപയോഗിച്ച്, ക്രിക്കറ്റ് കളിയിലേതു പോലെ സ്പിൻ ആക്രമണം നടത്തി വിക്കറ്റെടുക്കാനുള്ള കുൽസിത ശ്രമം. 1950ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി അമേരിക്കയിലെ ചില ഗവേഷകർ തയാറാക്കിയ റിപ്പോർട്ടിന്റെ വിശകലനം എന്ന പേരിലാണ് മോദിയുടെ ഉപദേശകരുടെ വിവാദ റിപ്പോർട്ട്.
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി അടക്കമുളള രാജ്യത്തെ മുഖ്യപ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനും തെരഞ്ഞെടുപ്പുകാലത്ത് ജനസംഖ്യ പോലും പ്രചാരണ ആയുധമാക്കാനും വിഭാഗീയ ചിന്തകൾ വളർത്താനും ദുരുപയോഗിക്കുന്നു എന്നതാണു പ്രശ്നം.
ബിജെപിയും മോദിയും തുടരുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തിന്റെ തുടർച്ചയാണിത്. മുസ്ലിം ജനസംഖ്യയിലെ വളർച്ച ചൂണ്ടിക്കാട്ടി ഇതര സമുദായക്കാർക്കിടയിൽ ഇസ്ലാമോഫോബിയ എന്ന മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതു വലിയ അപകടമാകും.
സ്വകാര്യബില്ലും യുപി ബില്ലും
ജനസംഖ്യാ വളർച്ച നിയന്ത്രിക്കാൻ നിയമം വേണമെന്നാവശ്യപ്പെട്ട് ബിജെപി എംപി രാകേഷ് സിൻഹ 2019ൽ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയുടെ നിർദേശപ്രകാരം ഈ ബിൽ പിന്നീട് പിൻവലിച്ചു. പിൻവലിച്ച സ്വകാര്യ ബില്ലിന്റെ മാതൃകയിൽ ഉത്തർപ്രദേശ് പോപ്പുലേഷൻ കണ്ട്രോൾ, സ്റ്റബിലൈസേഷൻ ആൻഡ് വെൽഫെയർ ബിൽ കൊണ്ടുവരണമെന്ന് യുപി നിയമ കമ്മീഷനും ശിപാർശ ചെയ്തിരുന്നു.
രണ്ടു കുട്ടികളിൽ കൂടുതലുള്ളവരെ ശിക്ഷിക്കുന്നതിനു പുറമെ സാമൂഹ്യ, സാന്പത്തിക ആനുകൂല്യങ്ങൾ റദ്ദാക്കണമെന്നും ബില്ലിൽ പറഞ്ഞിരുന്നു. ഇതിനു പുറമെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സർക്കാർ ജോലികൾക്കും വിലക്കും നിർദേശിച്ചു. ജ
നസംഖ്യാ നിയന്ത്രണത്തിനായി സ്ത്രീകളുടെ വന്ധ്യംകരണം നിർദേശിക്കാനും കമ്മീഷൻ മടിച്ചില്ല. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ജനസംഖ്യാ വർധനആണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2021 ജൂലൈ 11ന് നടത്തിയ പ്രസ്താവനയും കൂട്ടിവായിക്കാം.
സെൻസസ് അനുസരിച്ച്, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മുസ്ലിംകളുടെയും ദശാബ്ദ വളർച്ചാനിരക്ക് കുറഞ്ഞുവരികയാണെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മുത്രേജ പറഞ്ഞു. 1981-1991ലെ 32.9%ൽ നിന്ന് 2001-2011ൽ 24.6% ആയി മുസ്ലിംകളുടെ വളർച്ചാനിരക്ക് കുറഞ്ഞു.
ഇതേ കാലയളവിൽ വളർച്ചാ നിരക്ക് 22.7%ൽ നിന്ന് 16.8% ആയി കുറഞ്ഞ ഹിന്ദുക്കളെക്കാൾ ഈ ഇടിവ് പ്രകടമാണ്. ക്രൈസ്തവരുടെ അടക്കം ഇതരമതസ്ഥരുടെയും വളർച്ചാനിരക്ക് ഗണ്യമായി ഇടിയുകയും ചെയ്തു.
ജനസംഖ്യയുടെ ആധികാരിക രേഖയായ സെൻസസ് 2011നുശേഷം ഇന്ത്യയിൽ നടത്തിയിട്ടില്ല. കോവിഡിന്റെ പേരിൽ സെൻസസ് മാറ്റിയതു മോദി സർക്കാരാണ്. ഇതിനിടെ, ലോകജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നു. വിശ്വസനീയമായ ആഗോള സർവേകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ജനസംഖ്യാ വർധനയിൽ ഉത്തരേന്ത്യയാണു മുന്നിൽ.
കരുത്തും നേട്ടവുമാണ് ജനം
2001 മുതൽ 2011 വരെ 16.8 ശതമാനം വളർച്ചയോടെ രാജ്യത്ത് 79.80 ശതമാനം ഹിന്ദുക്കൾ ഇന്ത്യയിലുണ്ടെന്നാണ് 2011ലെ സെൻസസ് വ്യക്തമാക്കിയത്. അന്ന് മുസ്ലിംകൾ 14.23 ശതമാനവും വളർച്ചാനിരക്ക് 24.6 ശതമാനവുമാണ്. രാജ്യത്തെ ജനസംഖ്യയിൽ വെറും 2.3 ശതമാനമാണ് ക്രൈസ്തവർ.
വളർച്ചാനിരക്കിലും പിന്നിലായിരുന്നു (15.5 ശതമാനം). സിക്കുകാർ- 1.72 %, ബുദ്ധമതക്കാർ- 0.07% തുടങ്ങി ഇതര മതക്കാർ തീർത്തും കുറവുമാണ്. ഇന്ത്യയിലെ ജനസംഖ്യ 100 കോടിയിൽ നിന്ന് 142 കോടിയിലേക്കു കൂടിയപ്പോൾ വളർച്ചാനിരക്കിൽ മുന്നിലുള്ള മുസ്ലിംകളെക്കാൾ കൂടുതൽ ഹിന്ദുക്കളാണ് എണ്ണത്തിൽ കൂടുതൽ.
അടുത്ത രണ്ടു ദശകങ്ങളിൽ ജനസംഖ്യാ വളർച്ച കുത്തനെ കുറയുമെന്ന് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ വച്ച സാന്പത്തിക സർവേയിൽ പറഞ്ഞതിന് വ്യത്യസ്തമാണു ബിജെപിയുടെ പ്രചാരണം. ജനസംഖ്യാ വർധനയുടെ വെല്ലുവിളികളെ നേരിടാനുള്ള ശിപാർശകൾ നൽകാൻ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
സ്വന്തം സാന്പത്തിക സർവേയ്ക്കു വിരുദ്ധമായ ഈ പ്രഖ്യാപനത്തിനു പിന്നിലെ രാഷ്ട്രീയതാത്പര്യം വ്യക്തം. വിഭാഗീയതയ്ക്കല്ല, മറിച്ച്, ജനസംഖ്യയെ നേട്ടമാക്കാനും ജനങ്ങളെ യോജിപ്പിക്കാനും ആകണം യുവത കൂടുതലുള്ള ഇന്ത്യയുടെ ശ്രമം.