കോഴിക്കോട്: പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പോലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ചതിന് 150 പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് പന്തീരങ്കാവ് പൂളങ്കരയിലാണ് സംഭവം.
പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചതിനുമാണ് കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പന്തീരങ്കാവ് പൊലീസ് കേസെടുത്തത്.
എറണാകുളം ഞാറക്കൽ പൊലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഷിഹാസിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. ഷിഹാസ് വാടകയ്ക്കെടുത്ത വണ്ടിയുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് കേസ്.