പാലക്കാട്: കരിങ്കരപ്പുള്ളിയിൽ വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥലമുടമയായ കേസിലെ പ്രതി സംഭവം പുറത്തറിയാതെ ഇരിക്കാൻ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങളുടെ വയർ ഉൾപ്പെടെ കീറിയ ശേഷമായിരുന്നു കുഴിച്ചിട്ടത്.
രാവിലെ പന്നി കെണിയിൽ വീണോ എന്ന് പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരുടെയും കണ്ണിൽപ്പെടാത്ത സ്ഥലത്തേക്ക് ഇവ മാറ്റിയിട്ടു. രാത്രിയായപ്പോൾ പ്രതി വീണ്ടും കൃഷിയിടത്തിൽ എത്തി മൃതദേഹങ്ങൾ മറവ് ചെയ്യുകയായിരുന്നു.
മൃതദേഹങ്ങൾ കുഴിച്ചിടാൻ ആഴത്തിൽ കുഴിയെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ മൃതദേഹങ്ങൾ പുറത്തുവരുമോയെന്ന് ഭയന്നു. തുടർന്ന് വയറ്റിൽ മുറിവുണ്ടാക്കി. ആദ്യത്തെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തി. ഇതിന് ശേഷം രണ്ടാമത്തെ മൃതദേഹം അതിന് മുകളിലായി ഇട്ട് മണ്ണിട്ട് മൂടുകയായിരുന്നു. ഇതിന് മുൻപായി ശരീരത്തിൽ നിന്നും ഇരുവരുടെയും വസ്ത്രങ്ങൾ ഊരിമാറ്റിയിരുന്നു.
പുതുശ്ശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *