മന്ത്രി കടുപ്പിച്ചു: പ്രതിഷേധം വകവെക്കാതെ പരിഷ്‌കാരവുമായി മുന്നോട്ട്; നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും
തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങൾ നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.
പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.
അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻറെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താൻ ഇന്ന് യോഗം ചേര്‍ന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം അശാസ്ത്രീയമെന്നാണ് മോട്ടോര്‍ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പറയുന്നത്.
അതേസമയം സിഐടിയു ഒഴികെയുള്ള ട്രേഡ് യൂണിയനുകളും സമരരംഗത്തുണ്ട്. പ്രതിദിന ലൈസൻസുകളുടെ എണ്ണം 40-ലും കൂട്ടണണെന്നതടക്കം ആവശ്യങ്ങളാണ് ഐഎൻടിയുസി ഉള്‍പ്പെടെ ഉന്നയിക്കുന്നത്. ആദ്യം സമരരംഗത്തായിരുന്ന സിഐടിയു മന്ത്രി തലത്തിൽ ചര്‍ച്ച നടത്താമെന്ന ഉറപ്പിൽ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ സിഐടിയു നേതാക്കളിൽ പലരും ഡ്രൈവിംഗ് ടെസ്റ്റിനെതിരായ സമരത്തിൽ പലയിടത്തും പങ്കെടുക്കുന്ന സ്ഥിതിയുണ്ടായി.