തിരുവനന്തപുരം: പ്രജ്വൽ രേവണ്ണയുടെ ലൈംഗിക വിവാദത്തിന് പിന്നാലെ ഗത്യന്തരമില്ലാതെ പുതിയ പാർട്ടി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ജനതാദൾ എസ് സംസ്ഥാന ഘടകം. ലോകസഭാ തിരഞ്ഞെടുപ്പിൻെറ ഫലം വന്നശേഷം പുതിയ പാർട്ടി രൂപീകരിക്കാനാണ് ഇന്ന് ചേ‍ർന്ന സംസ്ഥാന നേതൃയോഗത്തിലെ ധാരണ.
ജനതാദൾ എസ് ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധികളെ കൂറുമാറ്റ നിരോധന നിയമ ഭീഷണിയിൽ നിന്ന് രക്ഷിക്കാനുളള നിയമ നടപടികളും നേതൃയോഗം ച‍ർച്ച ചെയ്തു. പുതിയ പാർട്ടി ഉണ്ടാക്കിയാലും കൂറുമാറ്റ നിരോധന നിയമത്തിൻെറ പ്രശ്നങ്ങൾ വരില്ലെന്നാണ് പാർട്ടി നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
പുതിയ പാർട്ടി രൂപീകരിച്ചാൽ മന്ത്രി കെ കൃഷ്ണൻകുട്ടിയും സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസും കൂറുമാറ്റ നിരോധന നിയമം മൂലമുളള പ്രശ്നങ്ങൾ നേരിടുമെന്ന് നേരത്തെ ആശങ്ക ഉണ്ടായിരുന്നു. അതു മറികടക്കാനാകും എന്നാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടായ വിലയിരുത്തൽ. പുതിയ പാർട്ടിയുടെ നിയമസാധ്യത ഉൾപ്പെടെ പരിശോധിക്കാനും തീരുമാനമായി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷം പാർട്ടി രൂപീകരണ നടപടികൾ വേഗത്തിലാക്കും.
പുതിയ സംസ്ഥാന പാർട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാർട്ടിയിൽ ലയിക്കുന്നതിന്റെ സാധ്യതകളും തേടുന്നുണ്ട്. സംസ്ഥാന പാർട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാർട്ടിയിൽ ലയിക്കണമെന്ന അഭിപ്രായത്തിനാണ് ഇപോൾ മുൻതൂക്കം ദേവഗൗഡയും കൂട്ടരും ബി.ജെ.പി സഖ്യത്തിൽ ചേർ‍ന്നപ്പോൾ പുതിയ പാ‍ർട്ടി രൂപീകരിക്കാതെ ദേശീയ നേതൃത്വവുമായുളള ബന്ധം വിഛേദിച്ച് സ്വതന്ത്രമായി നിൽക്കുമെന്ന അഴകൊഴമ്പൻ സമീപനം സ്വീകരിച്ച ജെ.ഡി.എസ് സംസ്ഥാന ഘടകം ലൈംഗിക വിവാദം കൂടി വന്നതോടെയാണ് ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതമായത്.
ജെ.ഡി.എസ് ദേശിയ നേതൃത്വവും കർണാടക ഘടകവും ബി.ജെ.പിയുടെ സഖ്യകക്ഷിയായപ്പോൾ , ദേശീയ നേതൃത്വവുമായുളള എല്ലാ ബന്ധവും വിഛേദിച്ചെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ സാങ്കേതികമായി കേരളത്തിലെ പാർട്ടിയും എംഎൽഎമാരും ദേശിയ നേതൃത്വത്തിൻെറ ഭാഗമായിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിൻെറ കുരുക്കിൽ പെടുമെന്ന ആശങ്കയിലാണ് ഇങ്ങനെയൊരു അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയത്. എന്നാൽ പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല ദൃശ്യ വിവാദം വന്നതോടെ ഇനിയും ഇങ്ങനെ തുടർന്നാൽ രാഷ്ട്രീയ അസ്ഥിത്വം തന്നെ അപകടത്തിലാകുമെന്ന് ജെ.ഡി.എസ് നേതൃത്വത്തിന് ബോധ്യമായി. അതാണ് കടുത്ത സമ്മർദ്ദമുണ്ടായപ്പോൾ പോലും തയാറാകാതിരുന്ന പുതിയ പാർട്ടി രൂപികരണത്തിന് ഇപ്പോൾ ഇറങ്ങിപ്പുറപ്പെടാൻ കാരണം.
പുതിയ പാർട്ടി പ്രഖ്യാപനം ആലോചിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ മാത്യു.ടി.തോമസ് തന്നെയാണ് വാ‍ർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പുതിയ പാ‍ർ‍‍ട്ടി രൂപീകരിച്ചാൽ കൂറുമാറ്റ നിരോധന നിയമത്തിൻെറ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് എം.എൽ.എയായ മാത്യു.ടി.തോമസ് പ്രഖ്യാപനത്തിന് തുനിഞ്ഞതെന്ന് വ്യക്തമാണ്.
“തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം തീരുമാനമെടുക്കും.തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളോട് ആലോചിച്ച് തീരുമാനമെടുക്കണം. ജെ.ഡി എസിന്റെ പേരും ചിഹ്നവുമായി ഇനിയും മുന്നോട്ടു പോകുന്നതിൽ പ്രശ്നമുണ്ട്. ബിജെപി സഖ്യത്തിനൊപ്പം ചേർന്നപ്പോൾ തന്നെ കർണാടകത്തിലെ ജെഡിഎസുമായി ആശയവിനിമം ഒഴിവാക്കിയിരുന്നു. പുതിയ പാർട്ടിയുടെ കാര്യത്തിൽ ജൂൺ 4 ന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പുതിയ പാർട്ടി എന്ന ആശയം നേതൃത്വത്തിന് മുന്നിൽ സജീവമായി ഉണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള ദേശിയ സ്ഥിതി കൂടി വിലയിരുത്തും.ബിജെപി ക്ക് ഒപ്പം പോയ ജെ.ഡി.എസ് ദേശിയ നേതൃത്വവുമായി ഇനി ബന്ധം തുടരില്ല” – മാത്യു.ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
എൽ.ഡി.എഫിലെ ചെറിയ പാർട്ടികളുമായി ലയിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ഇപ്പോൾ അതേക്കുറിച്ച് ഇപ്പോൾ നേതൃത്വം ഒന്നും മിണ്ടുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed