നോട്ടുകെട്ടുകൾ കിട്ടിയോ? അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കി: പ്രധാനമന്ത്രി മോദി
ദില്ലി: അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും നരേന്ദ്ര മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചു. വ്യവസായികളോട് ആർക്കാണ് ബന്ധമെന്നായിരുന്നു മോദിക്കുള്ള മറുപടിയിൽ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. രണ്ട് ദിവസമായി പ്രധാനമന്ത്രി ഒരുപാട് വിശദീകരണങ്ങൾ നൽകുന്നുണ്ട്,രാജ്യത്തിൻറെ സമ്പത്ത് ചില കോടീശ്വരന്മാർക്ക് കൈമാറിയത് കൊണ്ടാണ് മോദിക്ക് ഇപ്പോൾ ഈ വിശദീകരണം നൽകേണ്ടി വരുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചർച്ചകളുടെ ഗതി മാറ്റുന്നത്. സാധാരണ ഈ വിഷയത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി രണ്ട് വ്യവസായികളുമായും ബന്ധം ഉണ്ടാക്കുന്നു എന്നാണ് ആരോപിക്കുന്നത്. എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുൽ ഇപ്പോൾ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തതെന്നും നരേന്ദ്ര മോദി ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രചാരണം രാജ്യത്തിൻ്റെ പല സ്ഥലത്തും അനക്കമുണ്ടാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മോദി ഈ നിലപാട് കടുപ്പിക്കുന്നത്. ഇന്നലെ നടന്ന മുന്നാം ഘട്ട വോട്ടെടുപ്പിൽ അവസാനം വന്ന കണക്ക് പ്രകാരം പോളിംഗ് 64.58 ശതമാനമാണ്. കഴിഞ്ഞ തവണത്തെക്കാൾ മുന്നു ശതമാനം കുറവ്. ഇത് കുറച്ചു കൂടി ഉയരാമെങ്കിലും പാർട്ടിക്ക് ഏറെ നിർണ്ണായകമായിരുന്ന ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ബിജെപിക്ക് ആശങ്കയാവുന്നുണ്ട്. വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ഉത്സാഹം യുപിയിൽ പോലും പാർട്ടി പ്രവർത്തകർ കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇത് ഗൗരവത്തോടെ കണ്ട് പരിഹരിക്കാൻ ബിജെപി നേതൃത്വം യുപി-ബിഹാർ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.