പ്ലേ ഓഫിന് മുമ്പ് സഞ്ജുവിന് സന്തോഷവാര്‍ത്ത, ഇംഗ്ലണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ മുന്നിട്ടിറങ്ങി ബിസിസിഐ

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ബിസിസിഐ. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കളിക്കാനായി ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളിലെ ഇംഗ്ലണ്ട് താരങ്ങളെ ടൂര്‍ണമെന്‍റ് കഴിയുന്നതുവരെ നിലനിര്‍ത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്ലേ ഓഫിലെത്തുന്ന ടീമുകളിലെ താരങ്ങളെ നിലനിര്‍ത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചാല്‍ ഏറ്റവും കൂടുതല്‍ ആശ്വാസം ലഭിക്കുക സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനും ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമായിരിക്കും. ഇരു ടീമുകളും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്; സകല മൂഡും പോയെന്ന് ആരാധകർ

പ്ലേ ഓഫിന് മുമ്പ് ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ രാജസ്ഥാന് തകർപ്പന്‍ ഫോമിലുള്ള ഓപ്പണര്‍ ജോസ് ബട്‌ലറെയും കൊല്‍ക്കത്തക്ക് വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെയും നഷ്ടമാവും. പ്ലേ ഓഫ് പ്രതീക്ഷയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൊയീന്‍ അലിയെയും പ്ലേ ഓഫ് പ്രതീക്ഷ ഏതാണ് അസ്തമിച്ച പഞ്ചാബ് കിംഗ്സിന് ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവരെയും നഷ്ടമാകും.

മെയ് 21 മുതല്‍ 26വരെയാണ് പ്ലേ ഓഫ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ലേല സമയത്ത് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഉണ്ടാകുമെന്നായിരുന്നു ധാരണയെന്നും അതിനാല്‍ താരങ്ങളെ വിട്ടു നല്‍കാനാവില്ലെന്നുമാണ് ടീമുകളുടെ നിലപാട്. ഇംഗ്ലണ്ടിന്‍റെ ടി20 ടീം നായകന്‍ കൂടിയാണ് ജോസ് ബട്‌ലര്‍. ടി20 ലോകകപ്പിന് തൊട്ടു മുമ്പ് പാകിസ്ഥാനെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. മെയ് 22നാണ് പരമ്പരയിലെ ആദ്യ മത്സരം. 25, 28, 30 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ജൂണ്‍ രണ്ട് മുതലാണ് ടി20 ലോകകപ്പ് തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin