കോട്ടയം: യുവതലമുറയെ ലക്ഷ്യമാക്കി ലഹരി വസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നത് പരിശീലനം ലഭിച്ച നായ്ക്കളും പിന്നെ രാഷ്ട്രീയക്കാരും. പോലീസിന്‍റെ കൈയില്‍നിന്നും രക്ഷപെടാന്‍ നായ്ക്കളെയും പോലീസ് പിടികൂടിയാല്‍ രക്ഷപെടാന്‍ അതിനേക്കാള്‍ മോശക്കാരായ രാഷ്ട്രീയക്കാരെയും ഉപയോഗപ്പെടുത്തുക എന്നതാണ് ലഹരി മാഫിയകളുടെ തന്ത്രം.
തങ്ങളുടെ ലഹരി കച്ചവടത്തിനും കടത്തിനും സുരക്ഷിതത്വം ഒരുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞു കയറുന്നതാണ് കുറെ കാലമായി ഇവരുടെ തന്ത്രം. അതിനായി ഭരണകക്ഷി സംഘടനകളിലാണ് കൂടുതലും ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ഈര്‍ജസ്വലമായി രംഗത്തിറങ്ങുകയും ചെയ്യുന്നതോടെ നാട്ടുകാരും ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഭയപ്പെടും. കാരണം ഇവര്‍ക്ക് ഭരണകക്ഷി പിന്‍ബലം ഉണ്ടെന്നാണ് നാട്ടുകാര്‍ കണക്കാക്കുന്നത്.
സംഘടനയുടെ പേരില്‍ കോവിഡ് കാലം മുതല്‍ പൊതിച്ചോര്‍ ശേഖരിക്കാന്‍ നാടാകെ വീടുകള്‍ കയറി നടക്കുന്ന ഇവര്‍ പിന്നീട് പൊതിച്ചോറിനു പകരം അതിനുള്ള പണം പിരിവെടുക്കുകയും ആ കാശിന് ഇവര്‍ക്കുള്ള കഞ്ചാവ് പൊതി വാങ്ങുന്നതും വരെ നാട്ടില്‍ പാട്ടാണ്. വൈകുന്നേരമായാല്‍ ഏതെങ്കിലും ഇടവഴികളിലോ പഞ്ചായത്ത് റോഡ് വശങ്ങളിലോ ഒന്നിച്ചുകൂടി ലഹരി നുകരുകയാണ് ഇവരുടെ പതിവ്. കഞ്ചാവ് വാങ്ങാനുള്ള പണവും ഇത്തരത്തില്‍ പൊതിച്ചോറിനെന്നു പറഞ്ഞ് നാട്ടുകാരില്‍ നിന്ന് ജനകീയമായി പിരിച്ചെടുക്കുന്ന സംഭവങ്ങള്‍ നാട്ടില്‍ പലതാണ്.
നഗരങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമായതോടെ നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലും ചെറിയ റോഡുകളിലും തമ്പടിച്ചാണ് ഇവരുടെ ലഹരി കൈമാറ്റവും കൂട്ടംകൂടിയുള്ള ഉപയോഗവും കൊഴുക്കുന്നത്. പാലായില്‍ ഇടമറ്റവും കരൂരും അന്ത്യാളവുമൊക്കെയായിരുന്നു ഇവരുടെ പ്രധാന താവളങ്ങള്‍.
കഴിഞ്ഞ ദിവസം കുമാരനെല്ലൂരില്‍ വാടകയ്ക്ക് വീടെടുത്ത് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന പാറമ്പുഴ തേക്കേതുണ്ടത്തില്‍ റോബിന്‍ ജോര്‍ജിനെ (28) പിടികൂടാന്‍ പോലീസ് എത്തിയപ്പോള്‍ കാക്കി കണ്ടാല്‍ ഹാലിളകുന്ന പരിശീലനം ലഭിച്ച നായ്ക്കളെ കൂടഴിച്ചുവിട്ടാണ് സിനിമാ സ്റ്റൈലില്‍ റോബിന്‍ രക്ഷപെട്ടത്. പോലീസുകാര്‍ നായയുടെ കടിയേല്‍ക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടും.
സംഭവത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിച്ചിരുന്നില്ലെങ്കില്‍ തിങ്കളാഴ്ച രക്ഷപെട്ടോടിയ റോബിന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ പിടിച്ച് ഇന്ന് കേസൊതുക്കി രക്ഷപെടുമായിരുന്നു. പക്ഷേ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് തന്നെ റോബിനെ പിടിക്കാന്‍ നേരിട്ട് രംഗത്തെത്തിയതോടെ റോബിന്‍റെ സംരക്ഷണക്കാര്‍ പതുങ്ങിയതായിരിക്കണം.
കഞ്ചാവ് – ലഹരി സംഘത്തിന് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതാക്കളെ ഒറ്റപ്പെടുത്താന്‍ പോലീസും മാധ്യമങ്ങളും ഒന്നിച്ച് പോരാടനം എന്നാണ് നാട്ടുകാരുടെ ആവശ്യം. ലഹരി സംഘത്തിനു വേണ്ടി ഫോണ്‍വിളിക്കുന്ന നേതാക്കളുടെ വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ പ്രശ്നം തീരാവുന്നതേയുള്ളു.