ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായി. ഇന്ത്യല്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും ലഭിച്ചിരുന്നു. രേഷ്മ ഓര്‍ ഷേരാ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തില്‍ വ്യത്യസ്ഥ വേഷങ്ങളില്‍ വാഹിദ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നാരി ശക്തി വന്ദന്‍ അധിനിയാം പാര്‍ലമെന്റില്‍ പാസായ വേളയില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ ചലചിത്ര പുരസ്‌കാരം ഒരു മഹിളയ്ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അനുരാഗ് താക്കൂര്‍ കുറിച്ചു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. അഞ്ചു പതിറ്റാണ്ടോളമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായ വഹീദാ റഹ്‌മാന്‍ 90 ലധികം ചിത്രങ്ങില്‍ അഭിനയിച്ചു. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം.

By admin

Leave a Reply

Your email address will not be published. Required fields are marked *