‘ദല്ലാൾ നന്ദകുമാറിൽ നിന്ന് അനിൽ ആൻ്റണി പണം വാങ്ങിയത് 3 പേരോട് പറഞ്ഞിട്ടുണ്ട്’; ആരോപണം ആവർത്തിച്ച് പി ജെ കുര്യൻ

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. നന്ദകുമാറിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയെന്ന് പ്രമുഖ നേതാവടക്കം മൂന്ന് പേരോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നാണ് പി ജെ കുര്യൻ വെളിപ്പെടുത്തിയത്. അനിൽ ആന്റണി ഇത് നിഷേധിച്ചാൽ പേരുകൾ പുറത്ത് വിടുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് നിലപാട് പരിപാടിയിൽ പി ജെ കുര്യൻ പറഞ്ഞു. പി ജെ കുര്യനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനിൽ ആന്‍റണി പ്രതികരിച്ചു.

സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമത്തിന് അനിൽ ആന്‍റണി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ദല്ലാൾ നന്ദകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും ഉമാ തോമസിനും എല്ലാം അറിയാമെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. ഒന്നുമറിയില്ലെന്ന് ഉമാ തോമസ് പറഞ്ഞെങ്കിലും പി ജെ കുര്യൻ ആരോപണം വീണ്ടും സ്ഥീരീകരിക്കുകയാണ്.  നന്ദകുമാറിന് പണം തിരികെ നൽകാൻ ഇടപെട്ടെന്നാണ് പി ജെ കുര്യൻ നേരത്തെ പറഞ്ഞത്.
 

By admin