ജോര്ജ്ജ് കള്ളിവയലില്
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരുകയാണ്. കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ടും ജർമനിയും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് പ്രധാന ഒഴുക്ക്. വിദേശപഠനമെന്നതു കേരളത്തിലെ ഇടത്തരം കുടുംബങ്ങളിൽപോലും സാധാരണമായി. വിദേശത്തേക്കു പറക്കുന്നവരിൽ പാവപ്പെട്ടവരുമുണ്ട്. സ്കോളർഷിപ്പും ബാങ്കു വായ്പയുമെടുത്തും കടം വാങ്ങിയും വിദേശത്തുള്ള ബന്ധുക്കളുടെ സഹായത്തിലുമാണ് മിക്കവരും നാടു വിടുന്നത്. വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിനനുസരിച്ചു വൻതുക കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു.ഉപരിപഠനത്തിനായി പോകുന്ന വിദ്യാർഥികളിൽ ഭൂരിപക്ഷവും വിദേശത്തു സ്ഥിരതാമസമാക്കുന്നു. മൈഗ്രേഷൻ എന്ന വിദേശ കുടിയേറ്റത്തിനുള്ള ഒരു ഉപാധിയാണ് പലർക്കും സ്റ്റുഡന്റ് വീസ. കൂടെ പഠിക്കുന്നവരോ ബന്ധുക്കളോ വിദേശപഠനത്തിനു പോയാൽ പിന്നാലെ അതേവഴി തേടാൻ വിദ്യാർഥികളും രക്ഷിതാക്കളും നെട്ടോട്ടമാണ്. കുട്ടികളെ വിദേശ പഠനത്തിന് അയയ്ക്കുന്നതു സ്റ്റാറ്റസ് സിന്പലായി കാണുന്ന നില വരെയെത്തി കേരളം. മെച്ചപ്പെട്ട ജോലി, വരുമാനം, ജീവിതസൗകര്യങ്ങൾ, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ തേടിയാണു യുവത മറുനാടുകളിലേക്കു ജീവിതം പറിച്ചുനടുന്നത്.കേരളത്തിൽനിന്നു വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണം അത്ഭുതപ്പെടുത്തിയേക്കാം. 2012ൽ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 40 ലക്ഷമായിരുന്നു. 2025ൽ ഇത് 75 ലക്ഷം കവിയുമെന്നാണു കണക്കാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ഫെബ്രുവരിയിൽ പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ഉപരിപഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 68 ശതമാനം വർധനയുണ്ട്. ഇവരിൽ വലിയ ശതമാനം കേരളീയരാണ്.വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2019ൽ വിദേശത്തേക്കു പോയ മലയാളി വിദ്യാർഥികളുടെ എണ്ണം 30,948 ആണ്. കോഴ്സുകളുടെ നിലവാരം പോലും നോക്കാതെയാണു പലരും വിദേശപഠനത്തിനായി വൻതുക ചെലവഴിക്കുന്നത്. വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഒരു വിദ്യാർഥിക്ക് പ്രതിവർഷം 20 ലക്ഷം രൂപയെങ്കിലും വേണം. കോടിക്കണക്കിനു രൂപയാണ് കേരളത്തിന്റെ സന്പദ്ഘടനയിൽനിന്ന് ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്നത്.മൂന്നര കോടിയിലേറെ വരുന്ന കേരളത്തിലെ ജനസംഖ്യയുടെ പത്തു ശതമാനത്തോളം സംസ്ഥാനത്തിനു വെളിയിലാണ്. കേരളത്തിലെ എല്ലാ മൂന്നാമത്തെ വീട്ടിലും വിദേശത്തു ജോലിചെയ്യുന്ന ഒരാളുണ്ട്. ഇവരിലേറെയും ഗൾഫ് പ്രവാസികളാണ്. ഗൾഫിലെ സാന്പത്തികമാന്ദ്യത്തെ തുടർന്ന് ആയിരങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്കു മടങ്ങി. ഇപ്പോഴും മടക്കയാത്രകൾ തുടരുന്നു. മുസ്ലിം രാജ്യങ്ങളിൽ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്കു പൗരത്വം നിഷേധിക്കുന്നതിനാൽ ഏതാണ്ടെല്ലാവരും നാട്ടിലേക്കു മടങ്ങാതെ തരവുമില്ല.വർഷങ്ങൾ നീണ്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കുള്ള തിരിച്ചുവരവിലും പ്രശ്നങ്ങളാണ് കൂടുതൽ. ഗൾഫ് കുടിയേറ്റക്കാർ ശരാശരി ഒരു ലക്ഷം കോടി രൂപയാണു വർഷം തോറും നാട്ടിലേക്ക് അയയ്ക്കുന്നത്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വിദേശമലയാളികളുടെ പണമാണ്. പഠനത്തിനും ജോലിക്കുമായി ഗൾഫിലേക്കു പോകുന്ന ലക്ഷക്കണക്കിനാളുകൾ കഴിയുന്നത്ര കാലം അവിടെ ജോലി ചെയ്തു സന്പാദിച്ച ശേഷം മടങ്ങുകയാണു പതിവ്.
ഗൾഫ് കുടിയേറ്റക്കാരിൽ ചിലരൊക്കെ പണക്കാരാണെങ്കിലും ഭൂരിഭാഗവും താഴ്ന്ന ഇടത്തരം, പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പ്രാദേശികവത്കരണവും സാന്പത്തിക പ്രതിസന്ധിയും പിടിമുറുക്കുന്പോൾ ഇവരാണ് ആദ്യം വലിച്ചെറിയപ്പെടുന്നത്. ഗൾഫിൽ ജോലി നഷ്ടമാകുന്നവരുടെ എണ്ണം ഓരോ മാസവും കൂടുകയാണ്.തലമുറകളുടെ വിദേശ കുടിയേറ്റം കേരളത്തിനും രാജ്യത്തിനാകെയും ഒരേപോലെ അവസരവും വലിയ വെല്ലുവിളിയുമാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള കേരളത്തിലെ യുവാക്കളുടെ പലായനം കൂടുന്നതു സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന നിലയിലാണ്. മസ്തിഷ്കചോർച്ച (ബ്രെയിൻ ഡ്രെയിൻ) രാജ്യത്തിനാകെ നഷ്ടമാണ്. കേരളത്തിൽ സ്ഥിതി കൂടുതൽ വഷളാണ്.
സമർഥരായ യുവതലമുറയുടെ സേവനം നഷ്ടപ്പെടുന്നതിനോടൊപ്പം സംസ്ഥാനം സാവധാനം വൃദ്ധസദനമായി മാറുകയാണോയെന്നു ശങ്കിക്കേണ്ട സ്ഥിതിയുമുണ്ട്. വൃദ്ധ മാതാപിതാക്കൾ ഏകാന്തതയിലും രോഗത്തിലും വിഷമിക്കുന്നു. നാട്ടിൽ ഒറ്റയ്ക്കായവരും പേരിന് ആരെങ്കിലും കൂടെയുള്ളവരും രോഗികളായവരുമാണു കഷ്ടപ്പെടുന്നത്. ഒറ്റപ്പെടലിലും രോഗത്തിലും നിരാശയിലും സങ്കടങ്ങളിലും ജീവിതം തള്ളിനീക്കുന്നവർ നിരവധിയാണ്.നാട്ടിൽ ഒറ്റപ്പെട്ടുപോയ വൃദ്ധമാതാപിതാക്കളിൽ ചിലരുടെ സ്ഥിതി ദയനീയമാണ്. ജീവിതപങ്കാളിയെക്കൂടി നഷ്ടമായാൽ പറയുകയും വേണ്ട. വിദേശത്തുനിന്നുള്ള ഫോണ്, വാട്ട്സ്ആപ്, വീഡിയോ കോളുകളാണ് ഇവരുടെ മക്കളും കൊച്ചുമക്കളുമായുള്ള ബന്ധത്തിലെ മുറിയാത്ത കണ്ണി. പ്രായമായ മാതാപിതാക്കളെ കഴിയുന്നത്ര നന്നായി നോക്കുന്ന മക്കളുണ്ടെന്ന അപൂർവതയുമുണ്ട്.കുടുംബബന്ധങ്ങളിലെ അകൽച്ചയും തകർച്ചയുമാണു പലരുടെയും ജീവിതത്തിന്റെ ബാക്കിപത്രം. മറ്റു നിവൃത്തിയില്ലാതെ അന്യദേശത്ത് മക്കളോടൊപ്പം പറിച്ചുനടാൻ നിർബന്ധിതരാകുന്നവരാണു മറ്റു ചിലർ. ഇവരിൽ ചിലരെങ്കിലും കൊച്ചുമക്കളെ നോക്കാനുള്ള ജോലിക്കാരുടെ റോളിലേക്കുപോലും ഒതുങ്ങേണ്ടിവരുന്നു. പെട്രോൾ പന്പുകളിലും ഗ്രോസറി കടകളിലും സെയിൽസ്മാൻ അടക്കമുള്ള ചെറുജോലികൾ ചെയ്തു വിദേശത്തു ജീവിക്കുന്നവർ നിരവധിയാണ്.പണവും ജീവിതസൗകര്യങ്ങളും ഉള്ളപ്പോഴും നഷ്ടപ്പെടലുകളുടെ വിമ്മിഷ്ടത്തിലാകും ചിലർ.കിടപ്പാടം വരെ പണയപ്പെടുത്തിയും സ്വത്തുക്കൾ വിറ്റും കടം വാങ്ങിയുമാണു പല വിദ്യാർഥികളും അന്യരാജ്യങ്ങളിലേക്കു പോകുന്നത്. വികസിതരാജ്യങ്ങളിൽ പിആർ അല്ലെങ്കിൽ പൗരത്വം നേടുന്നതിനുള്ള എളുപ്പമാർഗമാണു വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റം. വിദേശത്തെത്തിയ വിദ്യാർഥികളിൽ ചിലരെങ്കിലും മോഹിച്ച യൂണിവേഴ്സിറ്റിയും നല്ല പഠന, ജീവിത സാഹചര്യങ്ങളും ജീവിക്കാൻ ആവശ്യമായ നല്ല ജോലിയും കിട്ടാതെ വിഷമിക്കുകയും ചെയ്യുന്നു. പലരും നാട്ടിലേക്കു തിരിച്ചുവരാനാകാത്ത ഗതികേടിലുമാകും. നാട്ടിൽനിന്ന് എങ്ങനെയും രക്ഷപ്പെടാൻ കൊതിക്കുന്ന ചെറുപ്പക്കാരും വളരെയേറയുണ്ട്.രാജ്യത്തും കേരളത്തിലും നിലവിലുള്ള വ്യവസ്ഥിതിയോടുള്ള നിരാശയും വെറുപ്പും ഇന്ത്യ വിടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയാതിപ്രസരം, ജാതീയവും മതപരവും സാന്പത്തികവും ലിംഗപരവുമായ വിവേചനങ്ങൾ, വർഗീയ ചേരിതിരിവുകൾ, അവസരങ്ങളുടെ കുറവ്, സ്വജനപക്ഷപാതം, സ്വാതന്ത്ര്യമില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അടക്കം യുവതലമുറയെ അസ്വസ്ഥമാക്കുന്ന ഘടകങ്ങൾ പലതാണ്. രാഷ്ട്രീയ-മത-സാമുദായിക മേലാളന്മാരുടെ പല തരത്തിലുള്ള ചൂഷണങ്ങൾ, അഴിമതി തുടങ്ങിയവയും യുവതയെ അലോസരപ്പെടുത്തുന്നു.
ഭക്ഷണത്തിനും വസ്ത്രത്തിനും വരെ പ്രശ്നം സൃഷ്ടിക്കുന്നവരോടുള്ള യുവതീയുവാക്കളുടെ രോഷം ചെറുതല്ല. വർഗീയതയും അഴിമതിയും രാജ്യത്തു വളർന്നുവരുന്നതിൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരോളം രോഷം മറ്റാർക്കും ഉണ്ടാകില്ല. സർക്കാർ ഓഫീസുകളിലും മറ്റും ഇപ്പോഴും തുടരുന്ന ചുവപ്പുനാട സംസ്കാരവും പ്രശ്നമാണ്.ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നേടാൻ മന്ത്രിമാരും എംഎൽഎമാരും മുതൽ സർക്കാർ ഓഫീസുകളിലും യൂണിവേഴ്സിറ്റികളിലുംവരെ കയറിയിറങ്ങേണ്ടി വരുന്നതിനോടു പുതുതലമുറയ്ക്കു യോജിക്കാനാകില്ല. കേരളത്തിൽ വില്ലേജ് ഓഫീസുകളിലടക്കം കംപ്യൂട്ടർവത്കരണം നടപ്പാക്കിയതു മൂലം സാധാരണക്കാരനു പല അവശ്യകാര്യങ്ങളും എളുപ്പത്തിലായിട്ടുണ്ട്. എന്നാൽ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കു പൂർണ പരിഹാരമില്ല. വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചതിക്കുഴികൾ അറിയുകയെന്നതു പ്രധാനമാണ്. മിന്നുതെല്ലാം പൊന്നല്ല