ഉഴവൂര്‍: എം.ജി. സർവ്വകലാശാലയിൽ ബിരുദപഠനം ഇനി വേറെ ലെവൽ മിടുക്കന്മാർക്ക് മൂന്നര വർഷം കൊണ്ട് ഓണേഴ്‌സ് ബിരുദം നേടാം. ഇടയ്ക്ക് എതാനും സെമസ്റ്ററുകൾ പഠിച്ച് പരീക്ഷയെഴുതിയശേഷം ജോലികിട്ടിയാൽ അതിന് ചേരാം. പിന്നീട് മടങ്ങി വന്ന് അതേ കോളേജിൽ പഠനം തുടരാം.
ഏഴ് വർഷം വരെ ഇതിന് സമയം ലഭിക്കും. ഓരോ പരീക്ഷയും ക്രെഡിറ്റ് സ്‌കോറുകളാണ് നേട്ടമായി നൽകുക. നിശ്ചിത സ്കോർ എത്തിയാൽ ബിരുദം ലഭിക്കും. തുടർപഠനം വേണ്ടവർക്ക് അതിനും അവസരമുണ്ട്. പഠിക്കുന്ന വിഷയങ്ങളും സമയവും വിദ്യാർഥിക്ക് സ്വന്തമായി നിർണയിക്കാൻ അവസരം കിട്ടുന്ന പാഠ്യപദ്ധതി മാറുമ്പോൾ കൂട്ടികൾക്കും രക്ഷിതാക്കൾക്കും സംശയങ്ങളുണ്ടാകും.
അവയെല്ലാം കേട്ട് ബിരുദപഠനത്തിന് താത്‌പര്യമുള്ളവരെ ഒരുക്കാൻ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മെയ് 04 ശനിയാഴ്‌ച രാവിലെ 09.30ന് ബിഷപ്പ് തറയിൽ എഡ്യൂക്കേഷണൽ തിയേറ്ററിൽ വച്ച് മുഖാമുഖം പരിപാടി നടത്തുന്നുവെന്ന് പ്രിൻസിപ്പാൽ ഡോ. സ്റ്റീഫൻ മാത്യു അറിയിച്ചു.
എം.ജി. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ബാബു മൈക്കിൾ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947314598 – ലേക്ക് വിളിക്കുക.