സൂര്യയുടെ ആരാധകരില്‍ മാത്രമല്ല, തമിഴ് സിനിമയെ സ്നേഹിക്കുന്നവരില്‍ ആകെയും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കങ്കുവ. സംവിധായകന്‍ ശിവയുടെയും സൂര്യയുടെയും കരിയറുകളിലെ ഏറെ വ്യത്യസ്തമായ ഈ ചിത്രം ബിഗ് ബജറ്റില്‍ നിരവധി ഭാഷകളിലായാണ് തിയറ്ററുകളില്‍ എത്തുക. സൂര്യയെ ബിഗ് സ്ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഇതുവരെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും സൂര്യയെക്കുറിച്ചും ജ്യോതിക പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ചിത്രത്തില്‍ സൂര്യ ഗംഭീരമായതായാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം തന്‍റെ 200 ശതമാനം ചിത്രത്തിന് നല്‍കിയിട്ടുണ്ടെന്നും ജ്യോതിക പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതികയുടെ വാക്കുകള്‍. “ഇത് ഞാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയായതുകൊണ്ട് പറയുന്നതല്ല. കങ്കുവയുടെ ചില റഷസും ചില ക്ലിപ്പ്സും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. പക്ഷേ സിനിമ ആദ്യമായി ഒന്നിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന് എനിക്ക് തോന്നുന്നു. നന്നായി എടുക്കപ്പെട്ടിരിക്കുന്ന ഒരു മാസ്റ്റര്‍പീസ് സിനിമയാണ് വരാന്‍ പോകുന്നത്”, ജ്യോതിക പറയുന്നു.
ആദി നാരായണയും മദന്‍ കാര്‍ക്കിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ്, കെവിഎന്‍ പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, ജയന്തിലാല്‍ ഗഡ എന്നിവര്‍ ചേര്‍ന്നാണ്. ജഗപതി ബാബു, യോഗി ബാബു, റെഡിന്‍ കിംഗ്‍സ്‍ലി, കെ എസ് രവികുമാര്‍ തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 38 ഭാഷകളിലാവും ചിത്രത്തിന്‍റെ ആഗോള റിലീസ് എന്ന് ജ്ഞാനവേല്‍ രാജ നേരത്തെ അറിയിച്ചിരുന്നു.
ALSO READ : വീണ്ടും ജംബോ നോമിനേഷന്‍ ലിസ്റ്റ്! ബിഗ് ബോസില്‍ എട്ടാം വാരത്തിലെ നോമിനേഷന്‍ പ്രഖ്യാപിച്ചു