റോഡ് കൈയ്യേറിയത് 20 മീറ്ററിലധികം, തോടിന്‍റെ നീരൊഴുക്ക് തടസ്സപ്പെടുത്തി തടയണയും; റിസോര്‍ട്ടിനെതിരെ പ്രതിഷേധം
കോഴിക്കോട്: സ്വാകാര്യ റിസോര്‍ട്ടിനായി പൊതുറോഡ് കൈയ്യേറിയതായും വര്‍ഷങ്ങളായി ജനങ്ങള്‍ ആശ്രയിക്കുന്ന തോട്ടില്‍ തടയണ നിര്‍മിച്ചതായും പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് മേടപ്പാറയിലാണ് സംഭവം. കൂടരഞ്ഞി – നായാടംപൊയില്‍-ചാലിയാര്‍-നിലമ്പൂര്‍ ഭാഗത്തേക്കുള്ള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന്റെ 20 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കൈയ്യേറ്റം നടന്നിട്ടുണ്ട്. 10 മീറ്റര്‍ വീതിയുള്ള റോഡിന്റെ ഏതാണ്ട് രണ്ട് മീറ്ററിലധികം ഭാഗം കൈയ്യേറി റിസോര്‍ട്ടിന് തടയണ നിര്‍മിച്ചിട്ടുണ്ട്.
തടയണ കെട്ടിയതോടെ നാല് മീറ്ററോളം വീതിയുണ്ടായിരുന്ന തോട് ഗതിമാറ്റി ഒഴുക്കി ഒരുമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസ്രോതസ്സാണിത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശക്തമായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി സാധ്യത നിലനില്‍ക്കുന്നുണ്ട്. തടയണ നിര്‍മാണത്തിനാവശ്യമായ കൂറ്റന്‍ കല്ലുകള്‍ ഇതേസ്ഥലത്തുവെച്ചു തന്നെ അനിധികൃതമായി പൊട്ടിച്ചെടുത്തിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയായ ഇവിടെ കക്കാടംപൊയില്‍, നായാടംപൊയില്‍ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള റോഡിലാണ് കൈയ്യേറ്റം നടന്നിരിക്കുന്നത്.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. റിസോര്‍ട്ട് ഉടമക്ക് സ്‌റ്റോപ് മെമ്മോ കൈമാറിയിട്ടുണ്ട്. അനധികൃത നിര്‍മാണം ഉടന്‍ പൊളിച്ചുമാറ്റുമെന്നും പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Read More : അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്, ഭർത്താവിന് ജീവപര്യന്തം തടവ്, ലക്ഷം രൂപ പിഴ