ന്യൂഡൽഹി: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് വയസുകാരന് ഡ്രൈ ഐസ് കഴിച്ച ദാരുണാന്ത്യം. വിവാഹ ചടങ്ങിൽ അലങ്കാരത്തിനെത്തിച്ച ഡ്രൈ ഐസാണ് ഖുശാന്ത് സാഹു (3) സാധാരണ ഐസെന്ന് തെറ്റിധരിച്ച് കഴിച്ചത്. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലാണ് സംഭവം.
ഐസ് കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. വേദിയിൽ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാനാണ് ഡ്രൈ ഐസ് കൊണ്ടുവന്നത്.
കാർബൺ ഡൈഓക്സൈഡിന്റെ സാന്ദ്രീകൃത രൂപമാണ് ഡ്രൈ ഐസ്. മൈനസ് 78 ഡിഗ്രി സെൽഷ്യസ് ഉപരിതല താപനിലയാണ് ഡ്രൈ ഐസിനുള്ളത്.
ഇത് അബദ്ധത്തിൽ ഭക്ഷിച്ചാൽ പോലും ‘കോൾഡ് ബേൺ’ എന്നറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേൽക്കും. മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ കേടാകാതിരിക്കാനായി ഡ്രൈ ഐസ് ഉപയോഗിക്കാറുണ്ട്.