അറക്കുളം : അപകടത്തിലായ അറക്കുളം സെയ്ന്റ് തോമസ് സ്‌കൂളിന് സമീപത്തെ പഴയപള്ളി പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ച് ബോർഡുകൾ സ്ഥാപിക്കണമെന്ന കളക്ടറുടെ ഉത്തരവ് ഇനിയും നടപ്പായില്ല. ഇക്കാര്യത്തിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുന്നതായി വിമർശനം ഉയർന്നിട്ടുണ്ട്.
ചെറുവാഹനങ്ങൾക്കായി നിർമിച്ച പാലത്തിലൂടെ പാറക്കല്ലുകളുമായി ലോറികൾ നിരന്തരം കടന്നുപോയതിനെ തുടർന്ന് പാലം അപകടത്തിലാണെന്ന ജലവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനെ തുടർന്നാണ് കളക്ടർ ഷീബാ ജോർജ് ഇതുവഴി ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
ഇതു ചൂണ്ടിക്കാട്ടി പാലത്തിന്റെ ഇരുകവാടങ്ങളിലും ബോർഡുകൾ സ്ഥാപിച്ച് ഭാരവാഹനങ്ങൾ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ച് ഓഗസ്റ്റ് 16-നാണ് കളക്ടർ ഉത്തരവിട്ടത്. എം.വി.ഐ.പി. എക്‌സിക്യുട്ടീവ് എൻജിനീയർ, അറക്കുളം പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത്. ദുരന്തനിവാരണ നിയമമനുസരിച്ചുള്ള ഉത്തരവിറങ്ങി ഒന്നരമാസമാകുമ്പോഴും ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.ഇതുവഴി കടന്നുപോയിരുന്ന ഭാരവാഹനങ്ങൾക്ക് മറ്റു റൂട്ടുകൾ നിശ്ചയിച്ചു നൽകണമെന്നും അവ പാലത്തിലൂടെ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ പോലീസ് മേധാവി, ഇടുക്കി ആർ.ടി.ഒ. എന്നിവരോടും കളക്ടർ നിർദേശിച്ചിരുന്നു. പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് എം.വി.ഐ.പി. അസി.എക്സിക്യുട്ടീവ് എൻജിനീയർ കളക്ടർക്ക് റിപ്പോർട്ട് നൽകിയത് മാതൃഭൂമി വാർത്തയായതിനെ തുടർന്നാണ് യാത്രാ നിരോധനമേർപ്പെടുത്തിയത്.
ഫണ്ടില്ലെന്ന് എം.വി.ഐ.പി.
:ഫണ്ടില്ലാത്തതിനാലാണ് അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതെന്ന് എം.വി.ഐ.പി. അധികൃതർ പറഞ്ഞു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിട്ടുണ്ട്. പണം ലഭിച്ചാലുടൻ കളക്ടറുടെ നിർദേശം നടപ്പാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാലത്തിന്റെ ഒരു അതിർത്തി മാത്രമേ അറക്കുളം പഞ്ചായത്തിനുള്ളൂ. അതിനാൽ ഇക്കാര്യത്തിൽ വ്യക്തതതേടി എം.വി.ഐ.പി.ക്ക് കത്തു നൽകിയിരുന്നു. എന്നാൽ മറുപടി ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി സുബൈർ പറഞ്ഞു. മറുപടി ലഭിക്കാൻ വൈകിയാൽ അറക്കുളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭാഗത്ത് ബോർഡ് സ്ഥാപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.