ഭുവനേശ്വര്‍: 15 വയസുകാരിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നിര്‍മാണത്തൊഴിലാളികളായ മൂന്നുപേര്‍ അറസ്റ്റില്‍. കൂടാതെ ഹോട്ടല്‍ മാനേജരെയും അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയിലെത്തിച്ച പെണ്‍കുട്ടിയെ സംഘം ഒരു രാത്രി മുഴുവന്‍ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡന ദൃശ്യങ്ങളും വീഡിയോയും പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ഫോണും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഒഡീഷയിലെ ബാലസോറിലാണ് ദാരുണ സംഭവം. പീഡനത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലാണ്.
പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ മറ്റ് രണ്ടു പ്രതികളും കൂടെ കൂടി പെണ്‍കുട്ടിയുമായി ഹോട്ടലില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് തുടര്‍ച്ചയായി പ്രതികള്‍ മൂവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഇവര്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍നിന്ന് വിട്ടയച്ചു. പെണ്‍കുട്ടി വീട്ടിലെത്തി സംഭവിച്ചതെല്ലാം വീട്ടുകാരോട് പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഹോട്ടലില്‍ താമസിക്കാനെത്തുന്നവരുടെ വിവരങ്ങളോ, വ്യക്തമായ രേഖകളോ മാനേജര്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഹോട്ടല്‍ പൂട്ടാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.