വേണാടിന് ഇനി എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല, പകരം മെമു വേണമെന്ന് യാത്രക്കാർ
കൊച്ചി: വേണാട് എക്സ്പ്രസിന് മെയ് ഒന്നു മുതൽ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് നിർത്തലാക്കാനുള്ള തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി സ്ഥിരം യാത്രക്കാർ. ഏറ്റവും കൂടുതൽ യാത്രക്കാർ ഇറങ്ങുന്ന സൗത്തിൽ സ്റ്റോപ്പ് നിർത്തലാക്കുമ്പോൾ ഓഫിസിൽ കൃത്യസമയത്ത് എത്താനാവില്ല എന്നതാണ് പ്രധാന പ്രശ്നം. പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തൃപ്പൂണിത്തുറയിൽ നിന്ന് മെട്രോ ആശ്രയിക്കാമെന്നാണ് ബദൽ സംവിധാനമായി പറയുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് എന്നും മെട്രോ ചാർജ് താങ്ങാൻ കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല സമയത്തിന് ഓഫീസിൽ എത്താനും കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു. പ്രതിഷേധം റെയില്‍വേയെ അറിയിക്കാനാണ് യാത്രക്കാരുടെ തീരുമാനം.