കോട്ടയം: കൊടുംചൂടില്‍ നാട് വെന്തുരുകുമ്പോഴും വേനല്‍മഴയില്‍ കോട്ടയം മുന്നില്‍. ഇന്നലെ വരെയുള്ള കണക്കുപ്രകാരം ശരാശരി മഴ പെയ്ത ഏക ജില്ല കോട്ടയമാണ്. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ 178.1 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ 150.3 മില്ലീ മീറ്റര്‍ പെയ്തു. 16 ശതമാനത്തിന്റെ മാത്രം കുറവ്. 20 ശതമാനം വരെ കുറവോ കൂടുതലോ പെയ്താല്‍ ശരാശരി ഗണത്തിലാണു കണക്കാക്കുന്നത്.
സാധാരണ വേനല്‍മഴയില്‍ മുന്നില്‍ പത്തനംതിട്ടയായിരുന്നു. എന്നാല്‍, ഇത്തവണ പത്തനംതിട്ടയില്‍ 34 ശതമാനം കുറവാണ്. മറ്റ് അയല്‍ ജില്ലകളായ ആലപ്പുഴയില്‍ -26, എറണാകുളത്ത് -44, ഇടുക്കിയില്‍ -83 ശ തമാനം എന്നിങ്ങനെയാണ് മഴയിലെ കുറവ്.
ജില്ലയില്‍ മാര്‍ച്ച് മാസവും ഈ മാസം ഇതുവരെയുമായി പലയിടങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളുടെ പല പ്രദേശങ്ങളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് ഉയരുന്ന രീതിയിലാണ് മഴ പെയ്തത്. അതേ സമയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചിട്ടില്ല.