കണ്ണില്ലാത്ത ക്രൂരത!; പക്ഷികളുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി നൂലിൽ കോർത്ത് വേട്ടയാടൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: പക്ഷികളുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി നൂലിൽ കോർത്ത് വേട്ടയാടുന്ന ക്രൂരത. കോഴിക്കോട് കൊടിയത്തൂരിലാണ് ഇത്തരത്തിൽ പക്ഷികളെ വേട്ടയാടി ഇറച്ചിയാക്കുന്ന സംഘങ്ങളുള്ളത്. ഇതിൽപ്പെട്ട 3 പേരെ നാട്ടുകാർ പിടികൂടിയെങ്കിലും സംരക്ഷിത വിഭാഗത്തിൽപ്പെട്ട പക്ഷികളല്ലാത്തതിനാൽ നിയമനടപടിക്ക് വകുപ്പില്ലെന്നാണ് വനംവകുപ്പിന്റെ വാദം.

കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റി വയലിൽ പക്ഷികളെ വേട്ടയാടുന്ന ഒരു സംഘത്തിന്‍റെ രീതി അതിക്രൂരമാണ്. ഒറ്റപ്പെട്ട് നിൽക്കുന്ന പക്ഷിയെ ആദ്യം പിടികൂടും. പിന്നീട് അവയുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി ചരടിൽ കോർത്ത് കെട്ടിയിടും. അടുത്ത് കെണിയും. പ്രാണവേദന കൊണ്ട് പിടയുന്ന സഹജീവിയുടെ വേദന കണ്ട് ഓടിയെത്തുന്ന മറ്റ് പക്ഷികളെല്ലാം ആ കെണിയിൽ വീഴും. പ്രാവുകൾ, കൊക്കുകൾ, മറ്റ് കിളികൾ കിട്ടുന്നതിനെയെല്ലാം ഇറച്ചിയാക്കും. ക്രൂരത ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വേട്ടസംഘത്തിലെ 3 പേർ പിടിയിലായത്. ആക്രിക്കച്ചവടം നടത്തുന്ന തമിഴ്നാട്ടുകാരായ ഇവരുടെ കൈവശം പിടികൂടിയ പ്രാവുകളും ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പക്ഷികളെ പിടികൂടാൻ ഉപയോഗിച്ച വലയും മറ്റുപകരണങ്ങളും നശിപ്പിച്ചു.

By admin