പരീക്ഷണങ്ങളുടെ കാലത്തിലൂടെയാണ് കന്നഡ സിനിമ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഉളിദവരു കണ്ടാന്തെയും രം​ഗിതരം​ഗയും മാത്രമായിരുന്നു അവ തിയേറ്ററുകളിലെത്തുംവരെ മറ്റുഭാഷാ സിനിമാസ്വാദകർക്ക് കന്നഡ സിനിമയെങ്കിൽ ഇന്നത് മാറിയിരിക്കുന്നു. കന്നഡ സിനിമയും നടീനടന്മാരും സംവിധായകരും ഇന്ത്യയുടെ ഏതുഭാ​ഗത്തും പ്രത്യേകിച്ച് തെന്നിന്ത്യയിൽ ചിരപരിചിതരായിക്കഴിഞ്ഞു. കെ.ജി.എഫ് പിറന്ന അതേ മണ്ണിൽ നിന്നാണ് പിന്നീട് 777 ചാർലിയും കാന്താരയും ഹോസ്റ്റൽ ഹുഡു​ഗരു ബേക്കി​ഗദ്ദരേയുമെല്ലാം ജനിച്ചത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് വിസ്ഫോടനാത്മകമായ മറ്റൊരു ചിത്രംകൂടി. അതാണ് ടോബി.

നവാ​ഗതനായ ബാസിൽ അൽചാലക്കൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാ രചന നിർവഹിച്ചിരിക്കുന്നത് കന്നഡസിനിമയെ വേറിട്ട വഴിയിലൂടെ നടത്തിയ നവയു​ഗ സംവിധായകനും തിരക്കഥാകൃത്തും നടനുമെല്ലാമായ രാജ് ബി ഷെട്ടിയാണ്. ടി.കെ. ദയാനന്ദിന്റെ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. തുളുനാടിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയ വിശ്വാസങ്ങളെ കൂട്ടുപിടിച്ചാണ് ഇത്തവണയും രാജ് എത്തിയിരിക്കുന്നത്. ​തന്റെ മുൻചിത്രമായ ​ഗരുഡ ​ഗമന വൃഷഭ വാഹനയിൽ ബ്രഹ്മാ-വിഷ്ണു-മഹേശ്വര സങ്കല്പത്തിലൂന്നിയ ലോക്കൽ ​ഗ്യാങ്സ്റ്റർ കഥയായിരുന്നു പറഞ്ഞതെങ്കിൽ ഇത്തവണ മാരി എന്ന വിശ്വാസമാണ് ടോബിയിലൂടെ അദ്ദേഹം കാട്ടിത്തരുന്നത്.
ബലിമൃ​ഗം കെട്ടഴിഞ്ഞുപോയാൽ അഥവാ ബലിപീഠത്തിൽ നിന്ന് രക്ഷപ്പെട്ടാൽ പിന്നീടതിനെ ആളുകൾ കരുതുന്നത് മാരി ആയാണ്. ഈ സങ്കൽപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടോബിയുടെ കഥ മുന്നോട്ടുപോവുന്നത്. സംസാരിക്കാൻ ശേഷിയില്ലാത്ത ഒറ്റബുദ്ധിയാണ് ടോബി. ഒരു പള്ളി വികാരിയാണ് ആദ്യമായി അവനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതും ടോബി എന്ന പേരുനൽകുന്നതും. ടോബിയുടെ ലക്കും ല​ഗാനുമില്ലാത്ത ജീവിതവും അതിനിടയിലെ സംഘർഷഭരിത മുഹൂർത്തങ്ങളുമാണ് ഈ ബാസിൽ-രാജ് ബി ഷെട്ടി ചിത്രത്തിന്റെ ആകെത്തുക.
ആരാണ് ടോബി എന്ന ചോദ്യത്തിനുള്ള ഉത്തരം എന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ടോബിയുടെ കഥ നേരിട്ട് പറയാതെ പല കഥാപാത്രങ്ങളിലൂടെ അവർക്ക് ഈ കഥാപാത്രം ആരായിരുന്നുവെന്നും അവരുടെ ജീവിതത്തിൽ ഇയാൾ ഏത് രീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്നുമാണ് ചിത്രം പ്രേക്ഷകന് നൽകുന്ന മറുപടി. തിരക്കഥയിലെ ഈ വേറിട്ട സമീപനവും അവതരണശൈലിയുമാണ് പതിയെ സഞ്ചരിക്കുന്ന ഒരു പ്രതികാരകഥയായി മാത്രം വിശേഷിപ്പിക്കപ്പെടുമായിരുന്ന സിനിമയെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed