ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജായ വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശനത്തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി ഡി.റ്റി.പി.സി. ഗ്ലാസ് ബ്രിഡ്ജില്‍ കയറാനുള്ള സമയം രേഖപ്പെടുത്തിയായിരിക്കും ഇനി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് നല്‍കുക. പാലം കാണാനുള്ള സന്ദര്‍ശക പ്രവാഹം പോലീസെത്തി നിയന്ത്രിക്കേണ്ട സാഹചര്യം വന്നതോടെയാണ് പുതിയി പരിഷകരണങ്ങള്‍ ഡി.റ്റി.പി.സി ഏര്‍പ്പെടുത്തിയത്.
നിലവില്‍ കണ്ണാടിപ്പാലത്തിന് സമീപത്തായിരുന്ന ടിക്കറ്റ് കൗണ്ടര്‍ മറ്റ് സാഹസിക വിനോദങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് ടിക്കറ്റ് നല്‍കി ടിക്കറ്റില്‍ നല്‍കിയ സമയത്ത് മാത്രം പാലത്തിന് സമീപത്തേക്ക് കയറ്റിവിടുന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.
ദിവസം ആയിരത്തോളം പേരെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുക. രാവിലെ 9 മുതലാണ് ടിക്കറ്റ് വില്‍പന. ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെ ചെലവഴിക്കാം. ഒരു സമയം 15 പേരെയാണ് പാലത്തില്‍ പ്രവേശിപ്പിക്കുക.
അഡ്വഞ്ചര്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്കായി പുതിയ പാക്കേജും ഡി.റ്റി.പി.സി അവതരിപ്പിച്ചിട്ടുണ്ട്. കണ്ണാടിപ്പാലം, സ്‌കൈ സൈക്കിള്‍, സിപ്ലൈന്‍, 360 ഡിഗ്രി സൈക്കിള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പാക്കേജ്.