‘വിരൽതുമ്പിലൂടെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തിലും താമര വിരിയും’; സ്വന്തം പേരിൽ വോട്ട് ചെയ്ത് സുരേഷ്

തൃശൂര്‍: പുലര്‍ച്ചെ തന്നെ കുടുംബ സമേതമെത്തി വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. തൃശൂര്‍ മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്തി. സ്വന്തം പേരില്‍ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വേണ്ടി ആദ്യമായി എനിക്ക് തന്നെ വോട്ട് ചെയ്യാനായതില്‍ അതിയായ സന്തോഷം. ഒന്നാമതായി വോട്ടു ചെയ്യണമെന്ന് ആഗ്രഹിച്ചതാണ്. സാധിച്ചില്ല. മുതിർന്ന പൗരന്മാര്‍ എത്തിയതിനാല്‍ അവരാണ് ആദ്യം വോട്ട് ചെയ്തത്. പത്താമതായി വോട്ടു ചെയ്യാനായി. ഏറെ സന്തോഷം. എല്ലാ ഘടകങ്ങളും വോട്ടായി മാറും. കഴിഞ്ഞ 10 വർഷത്തെയെങ്കിലും എംപിമാരുടെ പ്രവർത്തനം വിലയിരുത്തപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെയും കുടുംബത്തിന്‍റെയും വോട്ട് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലേക്ക് നേരത്തെ മാറ്റിയിരുന്നു.

Kerala Lok Sabha Election 2024 LIVE updates

 

 

By admin