തിരുവനന്തപുരം: കൂട്ടിയും കിഴിച്ചും അടിയൊഴുക്കുകളിൽ പ്രതീക്ഷ വച്ചും ഇന്നത്തെ പകലും രാത്രിയും. നാളെ ബൂത്തുകളിൽ ജനോത്സവമാണ്. സാധാരണ പൗരന് പൊന്നിന്റെ വിലയുണ്ടാവുന്ന ദിനമാണ് വോട്ടെടുപ്പ് ദിനം. രാജ്യത്തെ മന്ത്രിയും രാഷ്ട്രീയ വമ്പന്മാരുമെല്ലാം ജനങ്ങളുടെ വോട്ടിന് അഭ്യർത്ഥനയുമായെത്തും. 
തൊഴുതും വണങ്ങിയും ഏതു വിധേനയും വോട്ടുറപ്പിക്കാനാണ് ശ്രമം. മൂന്നു മുന്നണികളും അവസാനവട്ട ഒരുക്കങ്ങളിലാണ്. 2019 ൽ നേടിയ സീറ്റുകൾ നിലനർത്താൻ യു.ഡി.എഫും നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കാൻ എൽ.ഡി.എഫും പരിശ്രമിക്കുമ്പോൾ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.

സംസ്ഥാനത്തെ പല സീറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണ് അവസാന ചിത്രം. തിരുവനന്തപുരം, തൃശൂ‌ർ, ആറ്റിങ്ങല്‍ അടക്കം ഏതാനും മണ്ഡലങ്ങളിൽ അതിശക്തമായ ത്രികോണ പോരാട്ടവുമുണ്ട്. 

പൗരത്വ ഭേദഗതി, കേരളത്തിന്റെ വികസനം, കേന്ദ്ര അവഗണന, പാനൂരിലെ ബോംബ്, മോദിയുടെ ഉത്തരേന്ത്യൻ പ്രസംഗം എന്നിവയെല്ലാം പ്രചാരണ വിഷയങ്ങളായി. 2019ൽ 20ൽ 19 സീറ്റും നേടിയ യു.ഡി.എഫ് ഇത്തവണ 20 സീറ്റും കൈക്കലാക്കുമെന്നാണ് അവകാശപ്പെടുന്നത്. 
കഴിഞ്ഞ തവണ 15 സീറ്റുകൾ നേടിയ കോൺഗ്രസ് 37.46 ശതമാനം വോട്ടുകളാണ് നേടിയത്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിന് 5.48 ശതമാനം വോട്ട് ലഭിച്ചപ്പോൾ കേരള കോൺഗ്രസ് എമ്മിനും ആർ.എസ്.പിക്കും യഥാക്രമം 2.08, 2.46 % വോട്ടു കിട്ടി. ആകെ 47.48 ശതമാനം വോട്ടാണ് യു.ഡി.എഫ് നേടിയത്.
2019 ൽ ആലപ്പുഴ സീറ്റ് മാത്രം ലഭിച്ച എൽ.ഡി.എഫിന്റെ വോട്ടുവിഹിതം 36.29 ശതമാനമാണ്. 14 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് 25.97 ശതമാനം വോട്ടുകൾ ലഭിച്ചു. ഇടുക്കി, പൊന്നാനി എന്നിവിടങ്ങളിൽ മത്സരിച്ച എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 4.24 ശതമാനവും നാല് സീറ്റിൽ മത്സരിച്ച സി.പി.ഐ 6.08 ശതമാനം വോട്ടുകളും നേടി. 
ഇക്കുറി യു.ഡി.എഫ് വിട്ടു വന്ന കേരള കോൺഗ്രസിന് കോട്ടയം സീറ്റ് നൽകിയതോടെ സി.പി.എം 15 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിക്ക് 13 ശതമാനം വോട്ട് വിഹിതം നേടാനായപ്പോൾ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നാല് സീറ്റുകളിൽ നിന്ന് 1.88ശതമാനം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെട്ടു. 
അന്ന് എൻ.ഡി.എയിൽ ഉൾപ്പെട്ട പി.സി. തോമസ് നേതൃത്വം നൽകിയ കേരള കോൺഗ്രസിന് 0.76 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത്തവണ പി.സി തോമസ് കേരള കോൺഗ്രസ്‌ ജോസഫിനൊപ്പമാണുള്ളത്. ആകെ 15.64 ശതമാനം വോട്ടാണ് അന്ന് എൻ.ഡി.എയ്ക്ക് ലഭിച്ചത്. രണ്ട് കേന്ദ്രമന്ത്രിമാരടക്കം വമ്പന്മാരെയാണ് ഇത്തവണ എൻ.ഡി.എ മത്സരിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *