ഓർഡർ ചെയ്ത ഭക്ഷണം പെട്ടന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.  പുതിയ ഫീച്ചർ പ്രകാരം ഉപഭോക്താവിന് ഓർഡർ ചെയ്ത ഭക്ഷണം വേഗത്തിൽ ലഭിക്കണമെങ്കിൽ ഫീസ് കൂടുതൽ നൽകണം. സൊമാറ്റോ ഇതുവരെ ഈ സേവനം അവതരിപ്പിച്ചിട്ടില്ല, എന്നാൽ സോമാറ്റോ ഉടൻ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ബെംഗളൂരുവിൽ, ഒരു ഉപഭോക്താവിന് 16-21 മിനിറ്റ് ഡെലിവറിക്ക് 29 രൂപ അധികമായി നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. അതേസമയം,  സൊമാറ്റോ ഗോൾഡ് അംഗങ്ങളും ഈ അധിക ഫീസിന് വിധേയമാണ്. അധിക കിഴിവുകളും ഓഫറുകളും നൽകുന്ന സൊമാറ്റോ ഗോൾഡ് ഉപഭോക്താക്കൾ പ്ലാറ്റ്‌ഫോം ഫീസും അടയ്ക്കുന്നു.

കഴിഞ്ഞ ദിവസം സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു.  ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു.  ജനുവരിയിൽ  ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ  2 രൂപ  ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ  പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും. 

സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്.  സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്.  അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും.  

By admin

You missed