ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായ പ്രഖ്യാപനം വന്നപ്പോള്‍ സിനിമാ പ്രേമികളെ അത് വളരെ നിരാശയിലാക്കിയിരുന്നു. വിജയ് ചിത്രങ്ങള്‍ ആരാധകരില്‍ ഉണര്‍ത്തുന്ന ആവേശം അത്രത്തോളമാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ഗില്ലി മാത്രം മതി നടന്റെ സ്വീകാര്യത എന്തെന്ന് വ്യക്തമാക്കാന്‍. ഇപ്പോഴിതാ ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍ നടനോട് നടത്തിയ അഭ്യര്‍ത്ഥനയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് തിയേറ്ററുകളില്‍ ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേല്‍ വിജയ്‌യെ കണ്ടിരുന്നു. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ സന്തോഷം പങ്കുവെച്ച ശേഷം ശക്തിവേല്‍ നടനോട് ‘രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം’ എന്ന് അഭ്യര്‍ത്ഥിച്ചു.
ബിസിനസിനപ്പുറം വിജയ് സിനിമകള്‍ ആരാധകര്‍ക്ക് ഒരു ആഘോഷമാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്നായിരുന്നു ശക്തിവേലിന്റെ അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ ശക്തി ഫാക്ടറിയുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിജയ് ചിരിച്ചുകൊണ്ട് അഭ്യര്‍ത്ഥനയ്ക്ക് തലയാട്ടുന്നതും വീഡിയോയില്‍ കാണാം.
ഈ മാസം 20 നായിരുന്നു ഗില്ലി വീണ്ടും തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 15 കോടിയ്ക്ക് മുകളിലാണ്. ഇന്ത്യയില്‍ മാത്രം 10 കോടിയോളം രൂപയാണ് സിനിമയുടെ കളക്ഷന്‍. ഇതോടെ രാജ്യത്ത് റീ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം പണം വാരിയവയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗില്ലി. ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര്‍ എന്നീ സിനിമകളാണ് പട്ടികയില്‍ മുന്നിലുള്ളത്. അതേമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്‌യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *