കോഴിക്കോട്: പിതാവ് വീട്ടില്‍നിന്ന് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മകനെതിരേ കേസ്. ‘വീട്ടില്‍ നിന്നു വോട്ട്’ സേവനം ഉപയോഗപ്പെടുത്തി മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയാണ് ഓപ്പണ്‍ വോട്ട് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇതു ഫോണില്‍ പകര്‍ത്തിയ മകന്‍ ഹമീദിനെതിരെ കുന്ദമംഗലം പോലീസാണ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു.
വോട്ട് രേഖപ്പെടുത്തുന്നതിനിടയില്‍ ഇയാള്‍ സ്വന്തം മൊബൈലില്‍ ദൃശ്യങ്ങളും പകര്‍ത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട റിട്ടേണിങ് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയത്തിനെതിരായ പ്രവര്‍ത്തനമാണ് ഹമീദിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.