തിരുവനന്തപുരം: സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ ആളുമാറി പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. കെജി ജോര്‍ജ് സിനിമാ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതയ്ക്കു പകരം രാഷ്ട്രീയ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന തരത്തിലായിരുന്നു കെ സുധാകരന്‍ പ്രതികരിച്ചത്. 
മികച്ചൊരു പൊതു പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും ആണെന്നായിരുന്നു മാദ്ധ്യമങ്ങളോടായി സുധാകരന്‍ പറഞ്ഞത്. കെ സുധാകരന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. 
അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാനൊരുപാടുണ്ട്. മികച്ച പൊതു പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തെക്കുറിച്ച് മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. മരണത്തില്‍ ദുഃഖമുണ്ട്- കെജി ജോര്‍ജിന്റെ നിര്യാണത്തെ സംബന്ധിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കെ സുധാകരന്‍ പറഞ്ഞു. പിന്നാലെ തന്നെ മരണപ്പെട്ടതാരാണെന്ന് കൃത്യമായി മനസിലാക്കാതെയാണ് കെ സുധാകരന്‍ പ്രതികരിച്ചതെന്നുള്ള അഭിപ്രായമുയര്‍ന്നു.
അതേസമയം പ്രതികരണം വിവാദമായതോടെ കെപിസിസി അദ്ധ്യക്ഷന്‍ പ്രതികരിച്ചത് മറ്റൊരു ജോര്‍ജിനെ കുറിച്ചായിരുന്നു എന്ന ന്യായീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
ജോര്‍ജ് എന്ന പേരിലുള്ള പ്രവര്‍ത്തകന്റെ വിയോഗത്തെക്കുറിച്ചാണ് കെപിസിസി പ്രസിഡന്റ് സംസാരിച്ചത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വാദം. ഇതേ നിലപാട് ആവര്‍ത്തിച്ച് കെ സുധാകരനും രംഗത്തെത്തിയിരുന്നു.
പഴയകാല സഹപ്രവര്‍ത്തകനെക്കുറിച്ചാണ് മാദ്ധ്യമപ്രവര്‍ത്തരുടെ ചോദ്യമെന്ന് കരുതിയായിരുന്നു തന്റെ പ്രതികരണമെന്നായിരുന്നു കെ സുധാകരന്‍ ഇക്കാര്യത്തെ സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
ആരാണ് മരണപ്പെട്ടതെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നോട് കൃത്യമായി പറഞ്ഞില്ലെന്നും അവരോടത് ചോദിച്ചറിയാതിരുന്നത് തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയായി അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
ഇതിനിടെ കെ സുധാകരന്‍ ആളുമാറി അനുശോചനമറിയിച്ചതിന് പിന്നില്‍ തെറ്റിദ്ധാരണയാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തി. താന്‍ ജീവനോടെയുണ്ടെന്ന ആമുഖത്തോടെയായിരുന്നു പിസി ജോര്‍ജ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.
താന്‍ മരിച്ചതായി കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സമുഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോയില്‍ പിസി ജോര്‍ജ് പറയുന്നു. സുധാകരനെ പോലെ മാന്യമായ വ്യക്തിയെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകള്‍ ഈ ചെയ്യുന്നത് ശരിയാണോ എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *