പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല; തുറന്നു പറഞ്ഞ് രാജസ്ഥാന്‍ താരം

ജയ്പൂര്‍: ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പ്ലേ ഓഫിന് ഒരുപടി കൂടി അടുത്തെത്തിയപ്പോള്‍ സെഞ്ചുറിയുമായി താരമായത് ഓപ്പണര്‍ യശസ്വി ജയ്സ്വാളായിരുന്നു. എന്നാല്‍ 200 കടക്കുമെന്ന് കരുതിയ മുംബൈ ഇന്ത്യൻസിനെ 179 റണ്‍സില്‍ പിടിച്ചു കെട്ടിയത് സന്ദീപ് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. മുംബൈ ഇന്നിംഗ്സിലെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട സന്ദീപ് മത്സരത്തിലാകെ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്.

യശസ്വി സെഞ്ചുറി അടിച്ചെങ്കിലും കളിയിലെ താരമായതും സന്ദീപ് ശര്‍മയായിരുന്നു. പരിക്കിന്‍റെ ഇടവേളക്ക് ശേഷമാണ് സന്ദീപ് രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയത്. ടീമില്‍ തിരിച്ചെത്തിയ മത്സരത്തില്‍ തന്നെ കളിയിലെ താരമാകാനും സന്ദീപിനായി. എന്നാല്‍ കരിയറില്‍ പലപ്പോഴും തനിക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെന്ന് സന്ദീപ് ശര്‍മ പറഞ്ഞു.

‘ദയവു ചെയ്ത് അവനെ ലോകകപ്പ് ടീമിലെടുക്കൂ’, അജിത് ആഗാര്‍ക്കറോട് അഭ്യര്‍ത്ഥനയുമായി സുരേഷ് റെയ്ന

കരിയറില്‍ പലപ്പോഴും എനിക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അത് കുഴപ്പമില്ല, ഞാന്‍ 23-24കാരനൊന്നുമല്ല, ഈ ഐപിഎല്‍ കഴിയുമ്പോള്‍ എനിക്ക് 31 വയസാവും, ചില കാര്യങ്ങള്‍ നമ്മളുടെ കൈയിലല്ലോ എന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞത്.

മുംബൈക്കതിരായ മത്സരത്തില്‍ മികവ് കാട്ടാനായതില്‍ സന്തോഷമുണ്ടെന്നും പിച്ചില്‍ നിന്ന് നേരിയ ആനുകൂല്യം കിട്ടിയെന്നും സന്ദീപ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഐപിഎല്‍ ലേലത്തില്‍ എന്നെ ആരും ടീമിലെടുത്തിരുന്നില്ല.കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ പകരക്കാരനായാണ് ഞാന്‍ ടീമിലെത്തിയത്. അതുകൊണ്ട് തന്നെ ഓരോ മത്സരവും ഞാന്‍ ആസ്വദിച്ചാണ് കളിക്കുന്നത്-സന്ദീപ് വ്യക്തമാക്കി. പരിക്ക് മൂലം സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സന്ദീപ് രാജസ്ഥാനുവേണ്ടി കളിച്ചത്. ആറ് വിക്കറ്റാണ് സന്ദീപ് ഈ സീസണില്‍ വീഴ്ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin