‘സിപിഎം ഓഫീസുകൾ റെയ്ഡ് ചെയ്ത് വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കണം’: കള്ളവോട്ട് തടയണമെന്ന് ആൻ്റോ ആൻ്റണി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിജയ പ്രതീക്ഷയില്‍ മൂന്ന് മുന്നണികളും. ജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും കള്ളവോട്ട് ആരോപണം ആവർത്തികുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ദുർബല സ്ഥാനാർത്ഥി ആയതിനാൽ ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് പോകുമോ എന്ന ഭയമുണ്ട്. എന്നാല്‍, ഇതുവരെ കിട്ടിയതിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആന്റോ ആന്റണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, കേരളത്തിൽ ബിജെപി ജയിക്കുന്ന സീറ്റുകളിൽ ഒന്ന് പത്തനംതിട്ടയായിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി പ്രതികരിച്ചു. പത്തനംതിട്ടയ്ക്ക് ബിജെപി എം പി ഉറപ്പാണ്. കേന്ദ്രമന്ത്രി ആക്കുമോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും അനിൽ കെ ആന്റണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ആന്റോ ആന്റണി പരാജയഭീതിയിൽ വിരളി പൂണ്ടിരിക്കുകയാണ്. അമ്പതിനായിരം വോട്ട് ഭൂരിപക്ഷം എന്നത് സിപിഎം പ്രകടന പത്രിക പോലെ തോമസ് ഐസക്കിന്റെ സ്വപ്നമാണ്. വിവാദങ്ങള്‍ തളർത്തിയില്ല. എല്ലാ വിവാദത്തിനും പിന്നിൽ കോൺഗ്രസാണെന്ന് അനിൽ ആന്‍റണി ആവർത്തിച്ചു.

By admin