“സമ്പത്തില്‍ പ്രഥമ പരിഗണന മുസ്ലിങ്ങള്‍ക്കായിരിക്കുമെന്നാണ് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്. ഈ രാജ്യത്തിന്‍റെ സമ്പത്തെല്ലാം പിടിച്ചെടുത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കു കൊടുക്കുമെന്നര്‍ത്ഥം. നുഴഞ്ഞു കയറി വരുന്നവര്‍ക്കും കൊടുക്കും. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക പറയുന്നത് അമ്മമാരുടെയും സഹോദരിമാരുടെയും കൈയിലുള്ള സ്വര്‍ണം വിതരണം ചെയ്യുമെന്നാണ്”. ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ പറഞ്ഞതാണിത്.
പിന്നീട് അലിഗഡില്‍ നരേന്ദ്ര മോദി പ്രസംഗിച്ചത് ഇങ്ങനെ: “നിങ്ങളുടെ താലിമാല വരെ കോണ്‍ഗ്രസ് പിടിച്ചെടുത്ത് വീതം വെയ്ക്കും. എല്ലാവരുടെയും സ്വത്തും വരുമാനവും ഓഡിറ്റ് ചെയ്യുമെന്ന് കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ പറയുന്നു. വീടും കാറും സ്വര്‍ണവുമെല്ലാം പിടിച്ചെടുക്കും. അമ്മമാരുടെയും പെങ്ങന്മാരുടെയും കെട്ടുതാലി പിടിച്ചെയുക്കും.”
രാജസ്ഥാന്‍, യുപി എന്നിങ്ങനെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മുസ്ലിം സമുദായത്തെയാണ് നരേന്ദ്രമോദി ഉന്നം വയ്ക്കുന്നത്.
ഭരണം കിട്ടിയാല്‍ കോണ്‍ഗ്രസ് സമ്പത്തില്‍ കൂടുതലും മുസ്ലിങ്ങള്‍ക്കു വിതരണം ചെയ്യുമെന്നതാണ് പ്രധാനമന്ത്രി നല്‍കുന്ന സന്ദേശം.
മുമ്പൊരിക്കല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് നടത്തിയ ഒരു പ്രസ്താവനയെ വളച്ചൊടിച്ചാണ് മോദി കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് പുതിയ ആയുധങ്ങള്‍ കണ്ടെത്തുന്നത്. 2006 -ല്‍ ദേശീയ വികസന സമിതി യോഗത്തിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തന്‍റെ സര്‍ക്കാരിന്‍റെ മുന്‍ഗണനകളെക്കുറിച്ചു വ്യക്തമായി പറഞ്ഞിരുന്നു. കൃഷി, ജലസേചനം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനം എന്നിത്യാദി മേഖലകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അന്നു മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം അന്നു ചൂണ്ടിക്കാട്ടി.
വികസനത്തിന്‍റെ നേട്ടങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്, ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. രാജ്യത്തിന്‍റെ വിഭവങ്ങളില്‍ അവര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അന്നുതന്നെ ബിജെപി ഇത് ന്യൂനപക്ഷ പ്രീണനമായി ഉയര്‍ത്തിക്കാട്ടി മന്‍മോഹന്‍ സിങ്ങ് ഗവണ്‍മെന്‍റിനെയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ മുന്നണിയെയും ആക്രമിച്ചിരുന്നു.

 അതിനു പ്രധാനമന്ത്രിയുടെ ഓഫീസ് 2006 ഡിസംബര്‍ 10 -ന് വിശദീകരണം നല്‍കുകയും ചെയ്തു. വിവിധ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങനെ പൊതുവായി പരാമര്‍ശിക്കുകയായിരുന്നുവെന്നാണ് വിശദീകരണ കുറിപ്പില്‍ അന്നു പറഞ്ഞത്. 
സമൂഹത്തില്‍ ഉന്നത തലങ്ങളിലുള്ളവര്‍ക്കൊക്കെയും രാജ്യത്തിന്‍റെ വികസനത്തിന്‍റെ പങ്ക് സ്വാഭാവികമായും കിട്ടുമെന്ന് ആ വിശദീകരണക്കുറിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ ഗതിക്ക് വികസനത്തിന്‍റെ നേട്ടങ്ങളൊന്നും പിന്നാക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും കിട്ടാറില്ലെന്നും കുറിപ്പു വിശദീകരിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊക്കെയും നാടിന്‍റെ വികസന നേട്ടങ്ങളുടെ പങ്കു ലഭ്യമാക്കുക എന്നതു സര്‍ക്കാരിന്‍റെ കടമ തന്നെയാണെന്ന കുറിപ്പില്‍ ഉറപ്പിച്ചു പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പ്രസ്താവനയിലെ ഒരു വാക്ക് അടര്‍ത്തിയെടുത്താണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുവട്ടം കൂടി അധികാരത്തെലെത്താന്‍ നടത്തുന്ന പോരാട്ടത്തില്‍ പ്രചരണായുധമായി എടുത്തു പ്രയോഗിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ മുസ്ലിം വിരോധം ഉറപ്പിച്ചു നിര്‍ത്തുക തന്നെയാണ് ഇതിനു പിന്നിലെ ലക്ഷ്യം. 

ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് എല്ലാ വിഭാഗം ജനങ്ങളുടെയും വളര്‍ച്ച ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്.

 ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ മുസ്ലിം സമുദായം വളരെ പിന്നോക്കാവസ്ഥയിലാണ്. ചില സംസ്ഥാനങ്ങളില്‍ ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ വളരെ പുരോഗതി പ്രാപിച്ചവയുമാണ്.
സമൂഹത്തിന്‍റെ അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളെ വികസനത്തിന്‍റെയും വളര്‍ച്ചയുടെയും വഴിയിലേയ്ക്കു കൊണ്ടുവരിക ഏതൊരു സര്‍ക്കാരിന്‍റെയും ഏതൊരു ജനനേതാവിന്‍റെയും കടമയാണ്. ആ കടമയാണ് ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങ് ഉറപ്പിച്ചു പറഞ്ഞത്. അത് അങ്ങേയറ്റം ശരിയായ കാര്യം തന്നെയാണ്.
മുസ്ലിം സമുദായത്തെ എപ്പോഴും അന്യരായിക്കാണുക ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും പതിവു രീതി തന്നെയാണ്. 2006 -ലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ വരികള്‍ എടുത്ത് മറ്റു രീതികളില്‍ വ്യാഖ്യാനിച്ച് കോണ്‍ഗ്രസിനെയും മുസ്ലിം സമുദായത്തെയും ആക്ഷേപിക്കുകയും അപഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ഒരിക്കലും ഒരു പ്രധാനമന്ത്രിക്കു ചേര്‍ന്നതല്ല തന്നെ.
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നേതാവാണ് പ്രധാനമന്ത്രി. അദ്ദേഹം എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. പാവപ്പെട്ടവരെ ഉദ്ധരിച്ച് മുഖ്യധാരയിലേയ്ക്കുയര്‍ത്തുക എന്നതാവണം ഒരു പ്രധാനമന്ത്രിയുടെ ധര്‍മ്മം.
ഇക്കാര്യത്തില്‍ ഡോ. മന്‍മോഹന്‍ സിങ്ങ് തെളിച്ചത് തികച്ചും യോഗ്യമായ പാതയാണ്.