രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: പിവി അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് എ സമ്പത്ത്, പ്രതികരണം ന്യൂസ് അവറിൽ
തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരായ ഡി എൻ എ പരാമർശത്തിൽ പി വി അൻവർ എം എൽ എയെ പരസ്യമായി തള്ളിപ്പറഞ്ഞ് സി പി എം നേതാവ് എ സമ്പത്ത് രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിലാണ് പി വി അൻവറിന്റെ അധിക്ഷേപ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് സമ്പത്ത് രംഗത്തെത്തിയത്. പ്രസംഗിക്കുമ്പോള്‍ സഭ്യവും പക്വവുമായ ഭാഷ ഉപയോഗിക്കണമെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്നും എ സമ്പത്ത് ന്യൂസ് അവറില്‍ പറഞ്ഞു. രാഹുൽ ഗാന്ധി നെഹ്റു കുടുംബത്തിൽ തന്നെയുള്ളതാണോയെന്നറിയാൻ ഡി എൻ എ പരിശോധന നടത്തണമെന്നായിരുന്നു പി വി അൻവറിന്റെ അധിക്ഷേപ പ്രസംഗം.
അതേസമയം രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണമെന്ന പരാമർശത്തിൽ പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. എൽ ഡി എഫ് സ്ഥാനാർഥി എ വിജയരാഘവന്റെ പ്രചരണ വേദിയിൽ പി വി അൻവർ എം എൽ എ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഡി എൻ എ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞ് നടത്തിയ പരാമർശം സ്ത്രീത്വത്തെയും, മാതൃത്വത്തെയും അവഹേളിക്കുന്നതാണെന്നടക്കം പരാതിയിൽ പറയുന്നു. കേന്ദ്ര – സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ, ഡി ജി പി, കോഴിക്കോട് റൂറൽ എസ് പി , എസ് എച്ച് ഒ മുക്കം എന്നിവർക്കാണ് പരാതി നൽകിയത്.