റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെയും റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്സിലെയും സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4660 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് (ആര്‍.ആര്‍.ബി.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികകളും ഒഴിവും: സബ് ഇന്‍സ്പെക്ടര്‍ 452 (പുരുഷന്‍-384, വനിത-68), കോണ്‍സ്റ്റബിള്‍-4208 (പുരുഷന്‍-3577, വനിത-631)
വിദ്യാഭ്യാസ യോഗ്യത: സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം. കോഴ്സിന്റെ അവസാനവര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക് 165 സെ.മീ.യും (എസ്.സി., എസ്.ടി.-160 സെ.മീ.) വനിതകള്‍ക്ക് 157 സെ.മീ.യും ഉയരം (എസ്.സി., എസ്.ടി.-152) വേണം. പുരുഷന്മാര്‍ക്ക് നെഞ്ചളവ് വികസിപ്പിക്കാതെ 80 സെ.മീ.യും (എസ്.സി., എസ്.ടി.-76.2 സെ.മീ.), വികസിപ്പിച്ച നെഞ്ചളവ് 85 സെ.മീ.യും (എസ്.സി., എസ്.ടി.- 81.2 സെ.മീ.) ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്; കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ശമ്പളം: സബ് ഇന്‍സ്പെക്ടര്‍ക്ക് 35,400 രൂപയും കോണ്‍സ്റ്റബളിന് 21,700 രൂപയുമാണ് തുടക്ക ശമ്പളം.
പ്രായം: സബ് ഇന്‍സ്പെക്ടര്‍ക്ക് 20-28 വയസ്സ്, കോണ്‍സ്റ്റബിളിന് 18-28 വയസ്സ്. 01.07.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും രണ്ട് വര്‍ഷത്തെ ഇളവ് (എസ്.സി., എസ്.ടി.-7 വര്‍ഷം, ഒ.ബി.സി.എന്‍.സി.എല്‍.-അഞ്ച് വര്‍ഷം) ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
പരീക്ഷ: കോണ്‍സ്റ്റബിളിന് പത്താംതലത്തിലെയും സബ് ഇന്‍സ്പെക്ടര്‍ക്ക് ബിരുദതലത്തിലെയും ചോദ്യങ്ങളാണ് ഉണ്ടാവുക. ആകെ 120 ചോദ്യങ്ങളുണ്ടാവും. അരിത്മാറ്റിക്-35, ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ് -35 , ജനറല്‍ അവേര്‍നെസ്-50 എന്നിങ്ങനെയാണ് ഓരോ വിഷയത്തിനുമുള്ള മാര്‍ക്ക്. 90 മിനിറ്റാണ് ആകെ പരീക്ഷാസമയം. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും ലഭിക്കും. ഒബ്ജക്ടീവ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യപേപ്പര്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 30 ശതമാനവും മറ്റുള്ളവര്‍ക്ക് 35 ശതമാനവുമാണ് പാസ് മാര്‍ക്ക്. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.
ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും 250 രൂപയാണ് ഫീസ്. ഇവര്‍ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാല്‍ ബാങ്ക് ചാര്‍ജ് ഒഴികെയുള്ള തുക മടക്കിനല്‍കും. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലൊന്നും പെടാത്തവര്‍ക്ക് 500 രൂപയാണ് ഫീസ്. ഇവര്‍ക്ക് 400 രൂപ തിരികെ നല്‍കും. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷ: തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും വെബ്സൈറ്റില്‍ ലഭിക്കും. തിരുവനന്തപുരം ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.inഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14. അപേക്ഷയോടൊപ്പം ഒപ്പും ഫോട്ടോയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക്, മേയ് 15 മുതല്‍ 24 വരെ സമയമനുവദിക്കും. എന്നാല്‍ ഇതിന് ഫീസ് ഈടാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *