മലയാള സിനിമയില്‍ അപൂര്‍വ്വമായി സംഭവിച്ച ഒരു സിനിമയാണ് ആടുജിവിതം. ഇത്രയും വലിയ കാന്‍വാസില്‍ മലയാള സിനിമയില്‍ ഇന്നുവരെ വന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു ഭൂപ്രകൃതിയില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ബ്ലെസിയും സംഘവും ചിത്രം പൂര്‍ത്തിയാക്കിയത്. ആ അര്‍പ്പണത്തിന് വലിയ സ്വീകരണമാണ് പ്രേക്ഷകരും നല്‍കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 
ആടുജീവിതം ചിത്രീകരിക്കേണ്ട മരുഭൂ പ്രദേശം തേടി ബ്ലെസിയും സംഘവും നടത്തിയ യാത്രയാണ് 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. പെര്‍ഫെക്ഷനിസ്റ്റ് ആയ ബ്ലെസിക്ക് സിനിമയുടെ ലുക്ക് ആന്‍ഡ് ഫീലിനെക്കുറിച്ച് ആദ്യമേ കൃത്യമായ ധാരണ ഉണ്ടായിരുന്നു. വിഷ്വല്‍ എഫക്റ്റ്സ് വളരെ കുറച്ച് മാത്രം മതിയെന്നും യഥാര്‍ഥ ലൊക്കേഷനുകളില്‍ ചിത്രീകരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്. മരുഭൂമി തേടി രാജസ്ഥാനില്‍ നിന്ന് തുടങ്ങിയ യാത്ര ജോര്‍ദാനിലും അള്‍ജീരിയയിലുമൊക്കെയാണ് ചെന്ന് അവസാനിച്ചത്. അവിടങ്ങളിലെ ഫിലിം പ്രൊഡക്ഷന്‍ കമ്പനികള്‍ അതതിടങ്ങളില്‍ അവര്‍ക്ക് ചിത്രീകരണ സഹായം നല്‍കി.
ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ എന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും ഒരു ഷോര്‍ട്ട് ഡോക്യുമെന്‍ററിയുടെ അനുഭവം നല്‍കുന്നുണ്ട് പുറത്തെത്തിയ വീഡിയോ. പ്രഖ്യാപന സമയം മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട, മലയാളികളുടെ പ്രിയനോവല്‍ ആടുജീവിതത്തിന്‍റെ ചലച്ചിത്രരൂപം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം. കരിയറിലെ ഏറ്റവും ശ്രദ്ധേയ വേഷമാണ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചത്. അതദ്ദേഹം വിസ്മയിപ്പിക്കുന്ന വിധത്തില്‍ മനോഹരമാക്കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *