മലയാളിതാരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലുള്ള മികച്ച പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എട്ടില്‍ ഏഴും ജയിച്ച സഞ്ജുവിന്റെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 314 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സഞ്ജു നിലവില്‍ നാലാമതാണ്.
ടി20 ലോകകപ്പ് ടീമിലേക്കുള്ള ടീമില്‍ സഞ്ജുവിനെയും പരിഗണിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ, സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റനും കമന്റേറ്ററുമായ ആരോണ്‍ ഫിഞ്ച്.
സാഹചര്യത്തിന് അനുസരിച്ചാണ് സഞ്ജു ബാറ്റു ചെയ്തതെന്നും, ടൂർണമെൻ്റിൽ രാജസ്ഥാനെ മികച്ച രീതിയിലാണ് നയിക്കുന്നതെന്നും ഫിഞ്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു പരിപാടിയില്‍ പറഞ്ഞു. ശരിക്കും പക്വതയുള്ള ഇന്നിംഗ്‌സാണ് സഞ്ജു കളിക്കുന്നത്. അതാണ് ടീമിന് വേണ്ടതും. ടി20 ക്രിക്കറ്റില്‍ ബാറ്റ്സ്മാൻ്റെ ഈഗോ ചിലപ്പോൾ ടീമിന് ആവശ്യമുള്ള കാര്യങ്ങളിൽ തടസ്സമാകുമെന്ന് കരുതുന്നു. എന്നാല്‍ ഓരോ സാഹചര്യവും കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ഫിഞ്ച് പറഞ്ഞു.”അദ്ദേഹം അവിശ്വസനീയമാംവിധം മികച്ച രീതിയിൽ ടീമിനെ നയിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. സമ്മര്‍ദ്ദഘട്ടത്തില്‍ പോലും രാജസ്ഥാന്‍ റോയല്‍സ് എത്ര ശാന്തമാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഈ ഐപിഎല്ലിലുടനീളം അവർ വളരെ ശരിയായിരുന്നു. അതിന് ഒരുപാട് ക്രെഡിറ്റ് സഞ്ജുവിന് നൽകേണ്ടതുണ്ട്,” ആരോൺ ഫിഞ്ച് പറഞ്ഞു.