വാഷിംഗ്ടൺ: സ്വതന്ത്ര സ്ഥാനാർഥിയായി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന റോബർട്ട് എഫ്. കെന്നഡിയുടെ സാന്നിധ്യം കൂടുതൽ ദൂഷ്യം ചെയ്യുന്നത് ഡൊണാൾഡ് ട്രംപിനായിരിക്കുമെന്നു പുതിയൊരു പോളിംഗിൽ കണ്ടെത്തി. എൻ ബി സി നടത്തിയ പോളിംഗിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ ട്രംപ് ബൈഡനെതിരെ 46% — 44% എന്ന നിലയിൽ വിജയം കാണും എന്നാണ് കണ്ടെത്തൽ. എന്നാൽ കെന്നഡിയെ കൂടി ചേർക്കുമ്പോൾ ബൈഡനു 39%, ട്രംപിനു 37% എന്നാണു നില. കെന്നഡി 13% നേടുന്നുണ്ട്. ജിൽ സ്റ്റെയ്ൻ 3%, കോർണെൽ വെസ്റ്റ് 2%. 
മറ്റു ചില സർവേകളിൽ കെന്നഡിയുടെ സാന്നിധ്യം ട്രംപിനു ഗുണം ചെയ്യുമെന്നു കണ്ടിരുന്നു. ഏറ്റവും ഒടുവിലത്തെ റിയൽക്ലിയർപൊളിറ്റിക്‌സ് ശരാശരിയിൽ ട്രംപിനു ബൈഡന്റെ മേൽ ഉണ്ടായിരുന്ന ലീഡ് 0.4% ആയി കുറഞ്ഞു. എന്നാൽ കെന്നഡി, സ്റ്റെയ്ൻ, വെസ്റ്റ് എന്നിവരെ കൂടി ചേർക്കുമ്പോൾ ട്രംപിന്റെ ദേശീയ തലത്തിലുള്ള ലീഡ് 1.3% ആവുന്നു. 
സ്ഥാനാർഥികളുടെ ഡിബേറ്റുകളിൽ പങ്കെടുക്കാനുള്ള യോഗ്യത കെന്നഡി നേടിയിട്ടില്ല. അതിനു ചില സർവേകളിൽ 15% നേടണം. 
കെന്നഡിയെ പിന്തുണച്ചവരിൽ 15% ആദ്യ സർവേയിൽ ട്രംപിനെ തുണച്ചപ്പോൾ ബൈഡനു കിട്ടിയത് 7% മാത്രം ആയിരുന്നു. 
റിപ്പബ്ലിക്കൻ പാർട്ടിയിൽ കെന്നഡിക്കു 40% പേരുടെ മതിപ്പുണ്ട്. 15% അദ്ദേഹത്തെ അയോഗ്യനായി കാണുന്നു. ഡെമോക്രാറ്റുകൾക്കിടയിൽ പക്ഷെ 16% പേർ മാത്രമേ അദ്ദേഹത്തെ ആദരിക്കുന്നുള്ളു. 53% അദ്ദേഹത്തെ നെഗറ്റീവായാണ് കാണുന്നത്. 
കഴിഞ്ഞ ആഴ്ച കെന്നഡി കുടുംബത്തിലെ ഏതാനും പ്രമുഖർ ബൈഡനെ ഔപചാരികമായി പിന്തുണച്ചു. കെന്നഡിക്കു വോട്ട് ചെയ്യരുതെന്നും അവർ പറഞ്ഞു. കാരണം 2024 തിരഞ്ഞെടുപ്പിൽ അത്രയേറെ പ്രശ്നങ്ങളുണ്ട്. 
തീവ്ര ഇടതുപക്ഷ സ്ഥാനാർഥിയാണ് കെന്നഡിയെന്നു ട്രംപ് ആരോപിച്ചു. 
സർവേയുടെ മറ്റൊരു സുപ്രധാന കണ്ടെത്തൽ ജനാധിപത്യം കാത്തുസൂക്ഷിക്കേണ്ടത് വോട്ടർമാരിൽ നല്ലൊരു ശതമാനത്തിനു സുപ്രധാന വിഷയമാണ് എന്നതാണ്. രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളായി അവർ കണ്ടെത്തിയത് വിലക്കയറ്റം (23%), അതിർത്തി (22%), ജനാധിപത്യത്തിനുള്ള ഭീഷണി (16%), തൊഴിലില്ലായ്‌മ (10%), ഗർഭച്ഛിദ്രവകാശം (6%) എന്നിങ്ങനെയാണ്. 
ബൈഡന്റെ മുഖ്യ പ്രചാരണ വിഷയങ്ങളിൽ ഒന്നാണ് ജനാധിപത്യം. സാമ്പത്തിക രംഗത്തു താൻ നേട്ടമുണ്ടാക്കി എന്ന സന്ദേശം അദ്ദേഹം പ്രചരിപ്പിക്കുന്നുണ്ട്. 
എന്നാൽ 64% പേർക്കു മാത്രമേ ഈ തിരഞ്ഞെടുപ്പിൽ താല്പര്യമുള്ളൂ എന്നാണ് കണ്ടെത്തൽ. 2020ൽ അത് 77% ആയിരുന്നു. 2016ൽ 67%, 2008ൽ 74%. 
റജിസ്റ്റർ ചെയ്ത 1,000 വോട്ടർമാക്കിടയിൽ ഏപ്രിൽ 12 മുതൽ 16 വരെ  നടത്തിയ സർവേയിൽ എറർ മാർജിൻ 3.1% ആണ്.  

By admin

Leave a Reply

Your email address will not be published. Required fields are marked *