തിരുവനന്തപുരത്തുകാര്‍ക്ക് ഇന്ന് ഞാൻ അപരിചിതനല്ല; ഇപ്പോൾ എനിക്കിത് മത്സരമല്ല, നിയോഗമെന്നും രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തുകാര്‍ക്ക് എന്നെയും ഞാൻ പറയുന്ന കാര്യങ്ങളും മനസിലായി തുടങ്ങിയെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖ‍ര്‍. ആദ്യ ഘട്ടത്തിൽ ‍ഞാൻ പുറത്തുനിന്നുള്ള ആളാണെന്ന തരത്തിൽ പ്രചാരണം നടത്താൻ എതി‍ര്‍ മുന്നണികൾ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യുന്ന ആളാണെന്ന് അവ‍ര്‍ക്ക് മനസിലായി തുടങ്ങിയെന്നും ഞാനിപ്പോൾ അപരിചിതനല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘നേതാവ് നിലപാട്’ പരിപാടിയിൽ പറഞ്ഞു.

എനിക്ക് ദില്ലിയിൽ നിന്ന് വന്ന ഒരാളാണെന്ന് തോന്നലില്ല. എന്റെ കേരളത്തിന്റെ തലസ്ഥാനത്ത് എംപിയാകണമെന്ന് ആഗ്രഹമുണ്ട്. അത് അവര്‍ക്ക് മനസിലാക്കാൻ സാധിച്ചു എന്നതിലാണ് സന്തോഷം. ഇപ്പോൾ വാടകവീട്ടിലാണ് താമസം. തിരുവനന്തപുരത്ത് വീടെടുത്ത് താമസിക്കും. ആദ്യ ഘട്ടത്തിൽ ഒരു ത്രികോണ മത്സരം എന്ന നിലയിലാണ് ഞാൻ വന്നത്. പക്ഷെ, പത്ത് പതിനഞ്ച് ദിവസം ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങളെല്ലാം മനസിലാക്കിയപ്പോൾ, ഇത് എന്റെയൊരു നിയോഗമാണെന്ന് തിരിച്ചറിയുന്നു. 

15 കൊല്ലം ഒരു എംപിക്ക് അവസരം കൊടുത്തു. അഞ്ച് കൊല്ലം പന്ന്യൻ സാറിനും. 20 കൊല്ലം മുമ്പ് ആദ്യ വോട്ട് ചെയ്ത യുവാവിന് ഇന്ന് 38 വയസായിട്ടുണ്ടാകും. എന്ത് മാറ്റമാണ് അവര്‍ക്ക് വേണ്ടി ഇവിടെ ചെയ്തത്. കോളേജിൽ സീറ്റുകൾ 35 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. തൊഴിൽ, നിക്ഷേപങ്ങൾ ഒന്നും തിരുവനന്തപുരത്തില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഇനി കാര്യം നടക്കുമെന്ന്. ഞാൻ ഇവിടെ പണിയെടുക്കാനാണ് വന്നിരിക്കുന്നത്. 

യുവാക്കളാണ് നമ്മുടെ ഊ‍ര്‍ജം. അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ് ഞാൻ പ്രവ‍ര്‍ത്തിക്കുന്നത്. അവിടെയാണ് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയുണ്ടാകുന്നത്. എനിക്ക് വിവാദങ്ങളിൽ താൽപര്യമില്ല. എന്റെ രാഷ്ട്രീയം പ്രവൃത്തിയുടേതാണ്. വികസനത്തെ കുറിച്ചും പുരോഗമനത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഞാൻ സംസാരിച്ചുകൊണ്ടിരിക്കും. അതിനുവേണ്ടി പ്രവ‍ര്‍ത്തിക്കും.

അടുത്ത അഞ്ച് വര്‍ഷങ്ങളിൽ എന്ത് ചെയ്തുകൊടുക്കും എന്ന് വിഷൻ ഡോക്യുമെന്റായി ഞാൻ ജനങ്ങൾക്ക് മുന്നിൽ വയ്ക്കും. പറഞ്ഞവയെല്ലാം ഞാൻ ചെയ്യും. തിരുവനന്തപുരത്തെ തീരദേശമേഖലയെ മാറി മാറി വന്ന ജനപ്രതിനിധികൾ അവഗണിച്ചു. ഇതിനാല്‍ തന്നെ രാഷ്ട്രീയക്കാരോടുള്ള അവിടത്തെ ജനങ്ങളുടെ രോഷ പ്രകടനം സ്വാഭാവികമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരാദിത്തമാണെന്നാണ് സിറ്റിങ് എംപി പറയുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പരസ്പരം പഴിചാരുന്ന അവസ്ഥയാണുള്ളത്.

അവര്‍ക്ക് വീടില്ല, കുടിവെള്ളമില്ല, ജീവിതമില്ല. അവരുടെ ഭാവിയെക്കുറിച്ച് ആരും പറയുന്നില്ല. ആദ്യ ദിവസം അവിടെ പോയപ്പോള്‍ അവര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. പലപ്പോഴായി വാഗ്ദാനങ്ങള്‍ നല്‍കി നടപ്പാക്കാതെ പോയ രാഷ്ട്രീയക്കാരോടുള്ള രോഷമാണ് അവര്‍ പ്രകടിപ്പിച്ചത്. താൻ അവിടെ പോയപ്പോഴും ജനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അവരുടെ പ്രശ്നങ്ങള്‍ ന്യായമാണ്. തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രധാന പരിഗണന. ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ രാഷ്ട്രീയത്തിൽ നിൽക്കില്ല. ഞാൻ തെരഞ്ഞെടുത്ത മണ്ഡലമാണ്. എനിക്ക് തിരുവനനന്തപുരത്ത് വന്ന് മാറ്റം കൊണ്ടുവരണമെന്ന ആഗ്രഹം കൊണ്ടാണത്. ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് തിരുവനന്തപുരത്ത് നടത്തും. തിരുവനന്തപുരത്തെ ഒരു ലീഡിങ് ഇന്നവേഷൻ ഹബാക്കാൻ എനിക്ക് വിഷനുണ്ട്. അത് നടത്താൻ ഞാൻ ശ്രമിക്കും.

സംസ്ഥാനത്തിന്റെ പല അവസരങ്ങളെ കുറിച്ചും സ‍ര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയിൽ തള്ളിപ്പറഞ്ഞു. നിലവിലെ സംസ്ഥാന സര്‍ക്കാറിന് ഒരു സാമ്പത്തിക കാഴ്ചപ്പാടില്ല. പെൻഷൻ കൊടുക്കുന്നില്ല, ശമ്പളം കൊടുക്കാൻ കാശില്ല. ഇതെല്ലാം കേന്ദ്രസര്‍ക്കാറിന്റെ തലയിൽ വയ്ക്കുമ്പോൾ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞത് കേട്ടതാണല്ലോ. നിങ്ങളുടെ മിസ് മാനേജ്മെന്റുള്ള പ്രതിസന്ധിക്ക് കോടതിയിൽ വന്നിട്ട് കാര്യമില്ലെന്ന്. എട്ട് വര്‍ഷമായി കാര്‍ഷിക, വ്യവസായ മേഖലകളെല്ലാം താഴോട്ടുപോകുന്നു. ഒരു സംസ്ഥാനവും ഇങ്ങനെ രക്ഷപ്പെടില്ല. ഇനി സഖാക്കളോടാണ്, ലോകത്തെവിടെയും ഇന്ന് മാക്സിസത്തിന്റെ സാമ്പത്തിക ആശയങ്ങൾ വിജയച്ചതില്ല.

കോളനികളിലേക്കൊക്കെ ചെല്ലുമ്പോഴാണ്, യതാര്‍ത്ഥ അവസ്ഥ മനസിലാകുന്നത്.  വീടില്ല, തൊഴിലില്ല , മാലിന്യനിര്‍മാര്‍ജനമില്ല, കുടിവെള്ളമില്ല. എന്നിട്ടാണ് നമ്മൾ പറയുന്നത് കേരള മോഡൽ എന്ന്. ഞാൻ ഇത്തിരി ഇമോഷണലായ ആളാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇത് മത്സരമായിട്ടല്ല, ഞാൻ കാണുന്നത്. എന്റെ നിയോഗമായാണ് ഞാൻ കാണുന്നത്. തിരുവനന്തപുരത്തിന്റെ മുഴുവൻ സമയ മന്ത്രിയും എംപിയും ആയിരിക്കും. രാഷ്ട്രീയത്തിൽ പദവിക്ക് വേണ്ടിയല്ല, ഞാൻ തിരുവനന്തപുരത്ത് മത്സരിക്കുന്നത്. ഇവിടെ മാറ്റം കൊണ്ടുവരാനാണ് വരുന്നത്.

അഞ്ചാം തിയത് റിസൾട്ട് വന്ന ഉടനെ ഞാൻ ഓഫീസ് തുറക്കുന്നത് തീരദേശത്തായിരിക്കും. ശേഷം എട്ട് മാസത്തിനുള്ളിൽ വലിയതുറ പാലം ഞാൻ ശരിയാക്കും. വ്യക്തമായ പരിഹാരമായിരിക്കും. രണ്ട് കത്തെഴുതി പാര്‍ലമെന്റിൽ ചോദ്യം ചോദിക്കാം എന്നല്ല ഞാൻ പറയുന്നത്. പ്രശ്നത്തിന് പരിഹാരം കാണും എന്നാണ്. ഇവിടത്തെ പാവങ്ങളുടെ ആവശ്യങ്ങളൊന്നും പരിഹരിക്കാനാകാത്ത വലിയ പ്രശ്നങ്ങളൊന്നും അല്ല. അടിസ്ഥാന ആവശ്യങ്ങളാണ് എല്ലാം- എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ശശി തരൂരിനെതിരെ കേസെടുത്തതിനെ കുറിച്ച് അറിയില്ല, ദില്ലി കോടതിയിൽ ക്രിമിനൽ കേസ് നൽകിയിരുന്നു: രാജീവ് ചന്ദ്രശേഖർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin